p

കണ്ണൂർ: ജനമനസിൽ സ്ഥാനം പിടിച്ച നേതാവായിരുന്നു ഇ.കെ. നായനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാഡമിയിൽ നായനാർ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായനാരുടെ ജീവിതം ത്യാഗനിർഭരമായിരുന്നു. ആ ജീവിതം പാർട്ടിയുടെ ചരിത്രം കൂടിയാണ്. ഒരുപാട് ത്യാഗങ്ങളും പ്രക്ഷോഭങ്ങളും നായനാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നായനാരുടെ ജീവിതത്തെ കുറിച്ചുള്ള മ്യൂസിയം ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇവിടെ ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി ഭാഗവും നായനാർ അക്കാഡമി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നായനാർ ഉപയോഗിച്ച കസേരയും മേശയും മറ്റുവസ്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ സഹധർമ്മിണി ശാരദടീച്ചർ മ്യൂസിയത്തിന് കൈമാറിയിട്ടുണ്ട്. ഭാവിതലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എം. എൽ.എ, നായനാരുടെ ഭാര്യ ശാരദ ടീച്ചർ, മകൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ സ്വാഗതവും ജില്ലാസെക്രട്ടറി എം.വി. ജയരാജൻ നന്ദിയും പറഞ്ഞു.