മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്തു കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്തുലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി സ്ഥലം സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
പൊലീസ് സ്റ്റേഷന്റെ മേഖലയിലുള്ള സ്ഥലം വിട്ടു നൽകുന്നതിൽ ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ ഡി.ജി.പിക്ക് അപേക്ഷ നൽകിയിരുന്നു. നാലു മീറ്റർ വീതിയിലാണ് ഇവിടെ റോഡ് നിർമ്മിക്കേണ്ടത്. മതിൽ നിർമ്മാണത്തിനും റോഡ് പണിയുന്നതിനുമായാണ് ബഡ്ജറ്റിൽ പത്തുലക്ഷം വകയിരുത്തിയിട്ടുള്ളത്. റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി മുമ്പ് കെ.കെ. ശൈലജ എം.എൽ.എ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു.
നഗരത്തിന് ശ്വാസം വിടാം
ബൈപ്പാസ് റോഡ് വന്നാൽ മട്ടന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പൊലീസിന്റെയും സ്വകാര്യവ്യക്തികളുടെയും സ്ഥലം ലഭ്യമാക്കി റോഡ് വികസിപ്പിക്കാൻ നഗരസഭ ശ്രമം തുടങ്ങിയിരുന്നു. തുടർന്ന് 2017ൽ ഇ.പി. ജയരാജൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഏഴ് മീറ്റർ വീതിയിൽ റോഡ് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ സ്ഥലം വിട്ടുകിട്ടുന്നതിലുള്ള തടസ്സം വിലങ്ങുതടിയായി.
ബൈപാസ് ഇങ്ങനെ
കണ്ണൂർ റോഡിൽ നിന്നും പൊലീസ് ക്വാർട്ടേഴ്സ് വഴി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തു കൂടി തലശേരി റോഡിൽ എത്തിച്ചേരും.