m

കണ്ണൂർ: സർക്കാരിന്റെ മദ്യനയത്തിൽ അവ്യക്തതയും ആശയക്കുഴപ്പവുമില്ലെന്നും പൂർണബോദ്ധ്യത്തോടെ തന്നെയാണ് ഇക്കാര്യം തീരുമാനിച്ചതെന്നും എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മദ്യനയത്തിൽ സംശയമുള്ളവർ കേരളകൗമുദിയുടെ മുഖപ്രസംഗം വായിക്കണം. വളരെ വ്യക്തമായാണ് മദ്യനയത്തെക്കുറിച്ച് കേരളകൗമുദി മുഖപ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നത്. അതു വായിക്കുന്നതോടെ ഇതേക്കുറിച്ച് നല്ല ബോദ്ധ്യം വരുമെന്നും മന്ത്രി പറ‌ഞ്ഞു. കുടുംബശ്രീ കഥാമത്സര വിജയികളുടെ പ്രഖ്യാപനം നടത്തുന്നതിനിടെ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി. മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബാറുകളും റസ്റ്റോറന്റുകളും ആ മേഖലയിൽ തുടങ്ങുന്നതിന്‌ അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഐ.ടി സ്ഥാപനങ്ങളിലെ സംഘടനകളും മറ്റും ഈ ആവശ്യം ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. ഐ.ടി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആവശ്യം നിറവേറ്റാൻ പലപ്പോഴും പുറത്തുപോകാൻ കഴിയാറില്ലെന്നും അതിനാൽ ബാറും മറ്റും അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാണ് ഐ.ടി. മേഖലയിൽ ബാർ, റസ്റ്റോറന്റുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.