silpam
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മുറ്റത്ത് സ്ഥാപിച്ച എ.സി. കണ്ണൻ നായരുടെയും മഹാത്മാഗാന്ധിയുടെയും പ്രതിമകൾ ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനാച്ഛാദനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര ചരിത്രസ്മൃതികൾ നിറഞ്ഞ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി.സ്കൂളിന്റെ മുറ്റത്ത് മഹാത്മാഗാന്ധിയുടെയും എ.സി. കണ്ണൻ നായരുടെയും പ്രതിമ. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പ്രതിമകൾ അനാച്ഛാദനംചെയ്തു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രവും ഉത്തര മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും ഒരു പാഠപുസ്തകം പോലെ പുതിയ തലമുറയ്ക്ക് വായിച്ചെടുക്കാൻ സ്കൂൾ മുറ്റത്തെ ശില്പങ്ങൾ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, എ.സി. കണ്ണൻ നായരുടെ മകൻ കെ.കെ. ശ്യാംകുമാർ, എം. രാഘവൻ , പി.ടി.എ. പ്രസിഡന്റ് ജി. ജയൻ, നിഷ പ്രദീപ്, കെ.വി. വനജ സംസാരിച്ചു. എ.ഇ.ഒ കെ.ടി. ഗണേഷ് കുമാർ ശില്പികളെ ആദരിച്ചു. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ സുരേഷ് ടി. ചിത്രപ്പുരയാണ് മഹാത്മാഗാന്ധി പ്രതിമയുടെ ശില്പി. സ്കൂൾ പൂർവവിദ്യാർത്ഥികളായ മക്കൾ അക്ഷയ്, അക്ഷര എന്നിവരുടെ പേരിലാണ് ഏഴടി ഉയരത്തിലുള്ള രാഷ്ട്രപിതാവിന്റെ പൂർണ്ണകായ സിമന്റ് ശില്പം അദ്ദേഹം വിദ്യാലയത്തിന് സമർപ്പിച്ചത്. അമ്പതിനായിരം രൂപ ചെലവിൽ ആറു മാസമെടുത്താണ് ശില്പം പൂർത്തിയാക്കിയത്.

ദുർഗാ ഹൈസ്കൂൾ അദ്ധ്യാപകനും യുവതലമുറയിലെ പ്രശസ്ത ശില്പിയുമായ ചിത്രൻ കുഞ്ഞിമംഗലം മൂന്നു മാസമെടുത്താണ് മൂന്നടി വലുപ്പമുള്ള എ.സി. കണ്ണൻ നായരുടെ അർദ്ധകായ പ്രതിമ നിർമ്മിച്ചത്. എ.സി. കണ്ണൻ നായരുടെ കുടുംബാംഗങ്ങളാണ് അമ്പതിനായിരം രൂപ ചെലവിൽ ഫൈബർ ശില്പം വിദ്യാലയത്തിന് സമർപ്പിച്ചത്.