ചക്കരക്കൽ: നിർമ്മാണ പ്രവർത്തനത്തിനിടെ വീടിന്റെ ബീമും സൺഷേഡും തകർന്ന് വീണ് രണ്ടു പേർ മരിച്ചത് ചക്കരക്കല്ലിലെ പള്ളിപ്പൊയിൽ ഗ്രാമത്തെ നടുക്കി. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്തയെത്തിയത്. ചക്കരക്കല്ലിന് സമീപമുള്ള പള്ളിപ്പൊയിലിലാണ് അപകടം.
നിർമ്മാണ തൊഴിലാളി കൂടിയായ ചാത്തോത്ത് കുളത്തെ മാരാങ്കലത്ത് ഹൗസിൽ മുണ്ടാണി കൃഷ്ണന്റെ (59)വീട്ടിലെ ഒന്നാം നിലയുടെ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും. നിർമ്മാണ തൊഴിലാളിയായ കൊറ്റാളി അംബേദ്കർ കോളനിയിലെ അരിങ്ങാലയൻ ഹൗസിൽ പി.ജി. ലാലനാണ് (43) കൂടെയുണ്ടായിരുന്നത്.
വീടിന്റെ ഒന്നാം നില എടുക്കുന്നതിനു വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനത്തിനിടെയാണ് അപകടം ഉണ്ടായത്. ബീമിന്റെയും സൺഷേഡിന്റെയും കുത്ത് എടുത്ത് മാറ്റുമ്പോഴാണ് അപകടം. അപ്രതീക്ഷിതമായി ബീമും സൺഷെഡും ഇവരുടെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. ബീമിനടിയിലായിപ്പോയ ലാലൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകട വിവരമറിഞ്ഞ് ഫയർഫോഴ്‌സും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ചാണ് ബീം നീക്കിയത്. അപകട വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കമുള്ള നിരവധി ആളുകൾ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് പോസ്റ്റു മോർട്ടത്തിന് ശേഷം.