പേരാവൂർ: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു. ഇന്നലെ പുലർച്ചെയാണ് ഇവ എത്തിച്ചത്. എന്നാൽ, പ്ലാന്റ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല. രണ്ടു മാസം മുൻപ് കൊവിഡ് ഐ.സി.യുവിലേക്ക് ഓക്‌സിജൻ എത്തിക്കാനുള്ള റാമ്പ് സ്ഥാപിക്കുന്നത് രണ്ട് സർക്കാർ ഡോക്ടർമാർ ചേർന്ന് തടഞ്ഞിരുന്നു. ഈയൊരവസ്ഥയിൽ ഇത്രയും വലിയ ഓക്‌സിജൻ പ്ലാന്റ് എവിടെ സ്ഥാപിക്കുമെന്നതാണ് ആശങ്കക്കിടയാക്കുന്നത്.
കണ്ണൂർ ജില്ലയിൽ ജില്ലാ ആശുപത്രിക്ക് ശേഷം ഇത്രയും വലിയ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് പേരാവൂർ. ഒരേ സമയം 400ഓളം രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ സിലിണ്ടറുകളിൽ ഓക്‌സിജൻ റീഫിൽ ചെയ്യാനും സംവിധാനമുണ്ട്. ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന പ്ലാന്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി അധികൃതരുടെയും പരിശ്രമം മൂലമാണ് ലഭിച്ചത്.
മലയോര മേഖലയിലെ ആദ്യത്തെ ലിക്വിഡ് ഓക്‌സിജൻ പ്ലാന്റാണിത്.
വലിയതോതിലുള്ള സൗകര്യം
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി പോലെയുള്ള വലിയ സ്ഥാപനങ്ങളിലുള്ള തരത്തിലുള്ള പ്ലാന്റ് ആണ് പേരാവൂർ താലൂക്ക് ആശുപത്രിക്ക് ലഭ്യമായിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കെ.എം.എസ്.സി.എൽ വഴി ലഭിച്ച പ്ലാന്റിന്റെ ഇൻസ്റ്റലേഷൻ തുടർന്നുള്ള ദിവസങ്ങളിൽ കെ.എം.എസ്.സി.എൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കും.
ആവശ്യത്തിന് പ്രാണവായു
കൊവിഡ് പോലുള്ള രോഗവ്യാപനമുണ്ടാകുമ്പോൾ ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാക്കാൻ പ്ലാന്റ് വഴി സാധിക്കും. ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഐ.സി.യു സംവിധാനത്തിൽ കൃത്യമായി ഓക്‌സിജൻ വിതരണം ചെയ്യാം. ആശുപത്രിയിലെ എല്ലാ വാർഡുകളിലേക്കും നേരിട്ട് ഓക്‌സിജൻ എത്തിക്കാം. സിലിണ്ടറുകൾ ഒഴിവാക്കാം.