കണ്ണൂർ:മീനചൂടിനെ വെല്ലുന്ന വിപ്ളവാവേശത്തിൽ ഇരമ്പിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ ചെമ്പതാക ഉയർന്നപ്പോൾ അതിന് സാക്ഷികളാകാൻ പ്രമുഖ നേതാക്കളുടെ കുടുംബവും എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായിയുടേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കുടുംബങ്ങളായിരുന്നു കൂട്ടത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, കോടിയേരിയുടെ ഭാര്യ വിനോദിനി തുടങ്ങി നേതാക്കളുടെ മക്കളും പേരമക്കളുമടക്കം പതാക ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമണിമുതൽ കണ്ണൂർ ജവഹർസ്‌റ്റേഡിയം ചുവപ്പു വളണ്ടിയർമാരുടെ നിയന്ത്രണത്തിലായിരുന്നു.
സി.പി.എം ജില്ലാകമ്മിറ്റിയുടെ ബാൻഡ് വാദ്യം മുഴങ്ങുമ്പോൾ സ്‌റ്റേഡിയത്തിന് ചുറ്റും ചുവപ്പൻ പതാകകൾ പാറിക്കളിച്ചു. പാർട്ടി കോൺഗ്രസിന്റെ ലോഗോയണിഞ്ഞ ടീഷർട്ടണിഞ്ഞാണ് യുവാക്കളെത്തിയത്.