
വിവിധ ആരാധനാലയങ്ങളിൽ നിന്ന് അനുഗ്രഹം തേടി വിശ്വാസികൾ തീർത്ഥയാത്രകൾ നടത്തുന്നത് പോലെ, കയ്യൂർ, കരിവള്ളൂർ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കാതെയും കണ്ണൂരിന്റെ വിപ്ളവ പാരമ്പര്യത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളാതെയും വിപ്ളവതീർത്ഥയാത്ര പൂർണമാകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിലെ പിണറായി ഗ്രാമത്തിലാണ് കേരളത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം നടന്നതെന്ന് യെച്ചൂരി ഓർമ്മിപ്പിച്ചു. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പി. കൃഷ്ണപിള്ള സെക്രട്ടറിയായി കണ്ണൂരിലെ ചിറക്കലിലാണ് പാർട്ടി പ്രവർത്തനമാരംഭിച്ചതെന്നും യെച്ചൂരി .
പാർട്ടി കോൺഗ്രസിന് ആദ്യമായി വേദിയായ കണ്ണൂർ ഇരുകൈയും നീട്ടിയാണ് ഈ പരാമർശത്തെ സ്വീകരിച്ചത്. കണ്ണൂരിലെ മുതിർന്ന സി.പി. എം നേതാക്കളെല്ലാം കണ്ണൂർ പരാമർശത്തിൽ യെച്ചൂരിയെ അഭിവാദ്യം ചെയ്തു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ശക്തമായ പോരാട്ടങ്ങളുടെ വേലിയേറ്റങ്ങൾക്കിടെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ് 1943 മേയ് 23 മുതൽ ജൂൺ ഒന്നുവരെ മുംബൈയിൽ നടന്നത്. വടക്കൻ ജില്ലയായ കണ്ണൂരിലെ കയ്യൂരും മൊറാഴയും ഈ സമ്മേളനത്തിൽ പ്രധാന ചർച്ചയായെന്നതാണ് ആദ്യ പാർട്ടി കോൺഗ്രസിന്റെ പ്രത്യേകത. ഈ വ്യത്യസ്തതയാണ് യെച്ചൂരിയെ കമ്മ്യൂണിസ്റ്റ് വിപ്ളവയാത്രയുടെ കണ്ണൂർ പെരുമ പറയാൻ പ്രേരിപ്പിച്ചത്.
കയ്യൂർ രക്തസാക്ഷി പ്രമേയം മലബാറിലെ സമരനായകൻ കെ.പി.ആർ ഗോപാലനാണ് അവതരിപ്പിച്ചത്. തൂക്കുകയർ വരിഞ്ഞുമുറുകി കണ്ഠനാളമിടറുമ്പോഴും ജന്മി–നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച് ഇൻക്വിലാബ് വിളിച്ച രണധീരർ. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ... കയ്യൂർ സഖാക്കൾ.... എന്ന രീതിയിലായിരുന്നു പ്രമേയം. ഇവരെയൊക്കെ യെച്ചൂരി അനുസ്മരിച്ചപ്പോൾ അതു ശരിക്കും കണ്ണൂരിന്റെ കമ്മ്യൂണിസ്റ്റ് വിപ്ളവയാത്രയായി മാറുകയായിരുന്നു.
രക്തസാക്ഷി പൊടോര കുഞ്ഞമ്പുനായരുടെ സഹോദരനും കയ്യൂർ സെൽ സെക്രട്ടറിയുമായ കേളുനായർ രക്തസാക്ഷികളെ അനുസ്‌മരിച്ചിരുന്നു. മലബാർ കർഷക സമരത്തിലെ മറ്റ് ധീരരായ പോരാളികളെക്കുറിച്ചും മട്ടന്നൂരിലെയും കയ്യൂരിലെയും മൊറാഴയിലെയും സഖാക്കളെപ്പറ്റിയും ആദ്യ പാർട്ടി കോൺഗ്രസിൽ പരാമർശിക്കപ്പെട്ടിരുന്നു. ഈ ഓർമ്മയാണ് ഇവരെയെല്ലാം പഴയ കാലത്തിലേക്ക് സഞ്ചരിക്കാൻ വഴിയൊരുക്കിയത്.
സംഘാടക സമിതി ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗത പ്രസംഗത്തിലാണ് ആദ്യം കണ്ണൂരിനെ തൊട്ടത്. ഒരുപാട് സമരപോരാട്ടങ്ങൾ കണ്ട മണ്ണാണ് കണ്ണൂരെന്നും പാറപ്രം സമ്മേളനം നടന്ന മണ്ണിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര കാലം മുതൽ നടന്ന പോരാട്ടങ്ങൾ മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
വീരപോരാട്ടങ്ങളുടെ വിപ്ലവേതിഹാസം രചിച്ച ധീരരക്തസാക്ഷികളുടെ മണ്ണാണ് കണ്ണൂർ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിമരിച്ച വീരപഴശ്ശിയുടെ പൈതൃകമുള്ള നാട്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉപ്പുകുറുക്കൽസമരം നടന്ന പയ്യന്നൂരിന്റെ നാട്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയ നാട്. കയ്യൂരിന്റെ, കരിവെള്ളൂരിന്റെ, കോറോമിന്റെ, മൊറാഴയുടെ, മുനയൻകുന്നിന്റെ, കാവുമ്പായിയുടെ, പാടിക്കുന്നിന്റെ, തില്ലങ്കേരിയുടെ ചരിത്രം തുടിക്കുന്ന നാട്.
മതനിരപേക്ഷതയുടെ മൂല്യങ്ങൾ രക്ഷിക്കാൻ ജീവൻകൊടുത്ത യു. കുഞ്ഞിരാമനെപ്പോലുള്ളവരുടെ നാട്. എ.കെ.ജിയുടെയും ഇ.കെ നായനാരുടെയും എ.വി കുഞ്ഞമ്പുവിന്റെയും സി.എച്ച് കണാരന്റെയും കെ.പി.ആറിന്റെയും അഴീക്കോടൻ രാഘവന്റെയും പാട്യം ഗോപാലന്റെയും നാട്. വാഗ്ഭടാനന്ദന്റെയും സ്വാമി ആനന്ദതീർത്ഥന്റെയും നവോത്ഥാനസ്മൃതികൾ ഉറങ്ങുന്ന മണ്ണ്.
കമ്മ്യൂണിസ്റ്റുകാരന്റെ വിപ്ളവയാത്ര ഈ ഭൂമിയിലൂടെയുള്ള തീർത്ഥാടനമാണെന്നാണ് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയത്. ഉദ്ഘാടനത്തിനു തൊട്ടുമുമ്പ് നടന്ന നൃത്തശിൽപ്പവും കണ്ണൂരിന്റെ വിപ്ളവവീര്യം നിറയുന്നതായിരുന്നു.