
കണ്ണൂർ : അധികാരവും സംഘടനാ ശക്തിയും ചോർന്നു പോകാത്ത സംസ്ഥാനമെന്ന നിലയിൽ, കേരളത്തിലെ സി.പി. എം ദേശീയതലത്തിൽ നേതൃത്വത്തിന് നേർവഴി കാട്ടും. സിൽവർ ലൈൻ കാര്യത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്രാക്ക് മാറി സഞ്ചരിച്ചപ്പോൾ, സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി തന്നെ അതിനെ നേർവഴിക്ക് കൊണ്ടുവന്നത് ഇതിന്റെ സൂചനയാണ്.
കേരളത്തിന്റെ തെക്കു നിന്ന് വടക്കോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന അർദ്ധ അതിവേഗ റെയിൽപ്പാത നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . വികസന പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം ജനങ്ങൾക്കു ഉറപ്പു വരുത്തും. പാർട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളിൽ വലിയ പ്രചാരണം നടത്തുന്നുണ്ട്.കേരളത്തിലെ ഭരണത്തുടർച്ചയിൽ പാർട്ടിക്ക് ഉത്തരവാദിത്വബോധം കൂടുതൽ വേണമെന്ന ഓർമ്മപ്പെടുത്തലും മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.
മൂന്നു പതിറ്റാണ്ട് കാലം അധികാരം കൊണ്ടുനടന്ന ബംഗാളിൽ സംഘടനാ സംവിധാനം ദുർബലമായതിൽ നിന്നാണ് പാഠം ഉൾക്കൊള്ളേണ്ടത്. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ഭരണതലത്തിലും തിരുത്തലുകൾ വരുത്താൻ കേരളത്തിലെ പാർട്ടി തയ്യാറായി. രണ്ടു ടേം തുടർച്ചയായി ജനപ്രതിനിധികളായവരെ
മത്സരത്തിൽ നിന്ന് മാറ്റി നിറുത്താനുള്ള തീരുമാനം ഏറെ നിർണായകമായ പരീക്ഷണമായിരുന്നു.
നവ ഉദാരവൽക്കരണ വിരുദ്ധ ആശയാടിത്തറയിൽ നിന്നുകൊണ്ട് വിശാലമായ രാഷ്ട്രീയവേദി കെട്ടിപ്പടുക്കാൻ ഇടതുപക്ഷ ഐക്യവും ശക്തിയും വർദ്ധിക്കണം. അതോടൊപ്പം ഇടതുപക്ഷത്തിന്റെ ചാലകശക്തിയായ സി.പി എം ശക്തിയാർജിക്കണം. ഇതിനുള്ള രാഷ്ട്രീയ സംഘടനാ തീരുമാനങ്ങളായിരിക്കും പാർട്ടി കോൺഗ്രസ് കൈക്കൊള്ളുക.
ഭരണമികവിലും സംഘടനാ ശേഷിയിലും മുന്നിൽ നിൽക്കുന്ന കേരളം ചർച്ച ചെയ്യുന്ന വികസന രേഖ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തകരിലും പുതിയ അവബോധം സൃഷ്ടിക്കും. നയങ്ങൾ അടിമുടി പരിഷ്കരിച്ച് യുവാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്നതിലൂടെ സംഘടനയെ ശക്തമായി തിരിച്ചു കൊണ്ടുവരാൻ കഴിയും. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഇടപെടാനും, പരിഹാരം കാണാനുമുള്ള പ്രവർത്തനം അനിവാര്യമാണെന്ന സന്ദേശവും പാർട്ടി കേരള ഘടകം മുന്നോട്ട് വയ്ക്കും.