
കണ്ണൂർ: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണിൽ സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ആവേശോജ്ജ്വല തുടക്കം. ചോരകൊണ്ട് ചരിത്രമെഴുതിയ ധീര രക്തസാക്ഷികളുടെ സ്മൃതികൾ തുടിക്കുന്ന അന്തരീക്ഷത്തിൽ മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെ, അഞ്ചു നാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തുടക്കം. ജനറൽ സെകട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ആദ്യമായാണ് പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളന നഗരിയിൽ ചെമ്പതാക ഉയരവെ, രാജ്യത്തിന്റെ സാംസ്കാരിക വൈവിദ്ധ്യവും ബഹുസ്വരതയും വിളംബരംചെയ്ത് വിവിധ ഭാഷകളിലുള്ള മുദ്രാവാക്യങ്ങൾ അലയടിച്ചു. തുടർന്ന് നേതാക്കളും പ്രതിനിധികളും രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കരിവെള്ളൂർ മുരളി രചിച്ച് രതീഷ് പല്ലവിയും സംഘവും സംഗീതാവിഷ്കാരവും കലാമണ്ഡലം ലതയുടെ നേതൃത്വത്തിൽ പിലാത്തറ ലാസ്യയിലെ കലാകാരികൾ നൃത്താവിഷ്കാരവും നിർവഹിച്ച പ്രാരംഭ ഗാനം.
പിന്നാലെ, ബർണശേരിയിലെ ഇ.കെ. നായനാർ അക്കാഡമി മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി - അനുശോചന പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം പറഞ്ഞു. സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലോകത്തെ വിവിധ കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇന്ത്യയിലെ ഇടതു പാർട്ടികളായ ആർ.എസ്.പി, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, സി.പി.ഐ (എം.എൽ) എന്നിവയുടെയും സന്ദേശം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അവതരിപ്പിച്ചു. കഥാകൃത്ത് ടി.പദ്മനാഭൻ, ഷാജി എൻ. കരുൺ, രഞ്ജിത്ത്, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻ മധുപാൽ, സയനോര ഫിലിപ്പ്, എം.വി. നികേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേൽ ഇന്നും നാളെയും ചർച്ച നടക്കും. നാളെ വൈകിട്ട് പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.