srp
കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസ് ഉദ്ഘാടനത്തിന് മുന്നോടിയായി നായനാർ അക്കാദമിയിലെ സമ്മേളന വേദിയിൽ മുതിർന്ന പി.ബി അംഗം എസ്.രാമചന്ദ്രൻ പിളള പതാക ഉയർത്തുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമീപം

കണ്ണൂർ: ഒരായുഷ്‌ക്കാലം മുഴുവൻ പ്രവർത്തിച്ച പാർട്ടിയുടെ നേതൃപദവിയിൽ നിന്നും പടിയിറങ്ങുന്ന എസ്.രാമചന്ദ്രൻപിള്ളയെന്ന എസ്. ആർ.പിയെ സ്‌നേഹത്തോടെ ചേർത്തുപിടിച്ച് പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പൊളിറ്റ്ബ്യൂറോയിലെ തലമുതിർന്ന അംഗമായ അദ്ദേഹത്തോട് ആദരവ് പ്രകടമാക്കിയായിരുന്നു പാർട്ടികോൺഗ്രസിന്റെ തുടക്കം.

നേരത്തെ യെച്ചൂരി നായനാർ അക്കാഡമിക്കു മുൻപിൽ സജ്ജമാക്കിയ പ്രത്യേകനഗരിയിൽ പതാകയുയർത്തുമെന്ന് പോഗ്രാം ഷീറ്റിലുണ്ടായിരുന്നുവെങ്കിലും ഇത്തവണ പി.ബിയിൽ നിന്നും ഒഴിവാകുന്ന എസ്. ആർ.പി തന്നെ പതാക ഉയർത്തിയാൽ മതിയെന്ന യെച്ചൂരിയുടെ നിർദ്ദേശം മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നു.
പവലിയനിൽ നിന്നും എസ്.ആർ.പിയെ യെച്ചൂരിതന്നെ ആനയിച്ചാണ് കൊടിമരത്തിനടുത്തേക്ക് എത്തിച്ചത്. തുടർന്ന് തന്റെ തനതു ശൈലിയിൽ കാച്ചിക്കുറുക്കിയുള്ള പ്രസംഗം. രാജ്യത്ത് ഇടതുപക്ഷത്തിന് പ്രസക്തി കൂടിവരികയാണെന്നുംവർഗീയതയ്‌ക്കെതിരെ പോരാടാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും എസ്.ആർ.പി പറഞ്ഞു.
പ്രായപരിധി 75 കഴിഞ്ഞതിനാൽ ഇക്കുറി താൻ പിബിയിലുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം എസ്. ആർ.പി പറഞ്ഞിരുന്നു. എന്നാൽ പ്രത്യേകക്ഷണിതാവായി അദ്ദേഹം പിബിയിൽ തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.


പിണറായി ഇംഗ്ളീഷിൽ
പാർട്ടി കോൺഗ്രസിന്റെ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് ഇംഗ്ളീഷിൽ. പ്രത്യേകം രണ്ടുപേജ് എഴുതി തയ്യാറാക്കിയ പ്രസംഗം അദ്ദേഹം വായിക്കുകയായിരുന്നു.
കണ്ണൂരിന്റെയും കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് സമര പോരാട്ടങ്ങൾ എണ്ണിയെണ്ണി അനുസ്മരിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. കേരളത്തിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരുസീറ്റുപോലും ലഭിക്കാതെ പരാജയപ്പെട്ടത് ഇടതുപക്ഷത്തിന്റെ ശകതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും ഇ.കെ.നായനാരുമൊക്കെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ടതും ബ്രിട്ടീഷ് ഭരണകാലത്ത് ഒളിവിൽ പാർക്കുകയും ചെയ്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.
എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിക്കാനും മറന്നില്ല. മുഖ്യമന്ത്രി വായിച്ച പ്രസംഗം പിന്നീട് പ്രതിനിധികൾക്ക് റെഡ് വളൻഡിയർമാർ വിതരണം ചെയ്തു.


മീനച്ചൂട് തളർത്താത്ത ആവേശം
സി.പി. എം പാർട്ടി കോൺഗ്രസിന് ഒൻപതുമണിക്ക് കൊടിയേറുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂർ വൈകിയാണ് നടപടികൾ തുടങ്ങിയത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ നേതാക്കളും പ്രതിനിധികളും നേരത്തെയെത്തിയിരുന്നു. പതിവുതെറ്റിക്കാതെ കൃത്യസമയത്ത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി.
എസ്.ആർ.പി, യെച്ചൂരി, വൃന്ദകാരാട്ട്, മുഹമ്മദ് സലീം, ബിമൻബസു, എം.എ ബേബി തുടങ്ങിയ നേതാക്കൾ പി.ബി അംഗങ്ങൾക്കായുള്ള പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു.
പ്രകാശ് കാരാട്ട് അൽപം വൈകിയാണെത്തിയത്. മന്ത്രിമാരായ വി.എൻ.വാസവൻ, കെ.രാധാകൃഷ്ണൻ, എം.വി ഗോവിന്ദൻ തുടങ്ങിയവരും ശ്രദ്ധ നേടി. അതികഠിനമായ വെയിലിൽ ഒരുമണിക്കൂറോളം നിന്ന ചുവപ്പു വളണ്ടിയർമാരിൽ ഒരാൾ കുഴഞ്ഞുവീണു. ഉടൻ തന്നെ ഇദ്ദേഹത്തിന് വൈദ്യപരിശോധനയും ലഭ്യമാ.ി

ഉത്തരേന്ത്യൻ മെനുവും
പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് ഉത്തരേന്ത്യൻ മെനു അടക്കം വിഭവസമൃദ്ധമായിരുന്നു ഭക്ഷണം.പാർട്ടി കോൺഗ്രസ് പ്രതിനിധികളായ പങ്കെടുത്ത എണ്ണൂറിലേറെ പ്രതിനിധികളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് അവരുടെ നാട്ടിലെ ഭക്ഷണം തയ്യാറാക്കിയത്. നായനാർ അക്കാദമിയുടെ തൊട്ടടുത്ത് പ്രത്യേകസജ്ജമാക്കിയ ഹാളിലാണ് ഭക്ഷണശാല. ഇതോടൊപ്പം പായസമടക്കം കേരളീയവിഭവങ്ങളും പ്രത്യേകം വിളമ്പി. കണ്ണൂരിലെ നാടൻമത്സ്യവിഭവങ്ങളടക്കം തീൻമേശയിൽ ഇടംപിടിച്ചു.തൊട്ടടുത്ത മീഡിയറൂം പ്രവർത്തിച്ചിരുന്ന പാൻഗ്രൂവിലായിരുന്നു ദേശീയമാദ്ധ്യമപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ഉച്ചഭക്ഷണമേർപ്പെടുത്തിയിരുന്നത്.