ആലക്കോട്: കുടിയേറ്റത്തിന് ആറ് പതിറ്റാണ്ട് പിന്നിടുമ്പോൾ മലയോരത്തെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികം നിരയിലേക്ക് വാഹനങ്ങൾ ഉയരുന്നു. ഇതോടെ നഗരങ്ങൾ അനധികൃത പാർക്കിംഗും വാഹനപ്പെരുപ്പം കൊണ്ടും വീർപ്പുമുട്ടുകയാണ്.
10 വർഷം മുമ്പുവരെ മലയോരത്തെ ഓരോ പഞ്ചായത്തുകളിലും പകുതിയോളം റോഡുകൾ മൺപാതകളായിരുന്നു. എന്നാലിപ്പോൾ അത്തരം റോഡുകൾ അപൂർവ്വമായി മാറി. ടാർ ചെയ്ത് പൊട്ടിപ്പൊളിഞ്ഞവ മെക്കാഡം ടാറിംഗ് നടത്തിയതോടെ ഏത് മലമ്പ്രദേശത്തും എല്ലാത്തരം വാഹനങ്ങളിലും എത്തിച്ചേരാൻ കഴിയുന്ന അവസ്ഥയാണ്. ഇതോടെ മലയോരത്തെ ഒട്ടുമിക്ക വീടുകളിലും ഒന്നിലധികം വാഹനങ്ങളുണ്ടായത് വളരെപെട്ടെന്നാണ്.
ടൗണുകളിൽ യാതൊരു നിബന്ധനകളും പാലിക്കാതെ വാഹനങ്ങളുമായി എത്തുന്നവർ റോഡിലും കച്ചവടസ്ഥാപനങ്ങൾക്കുമുമ്പിലും ഇവ നിറുത്തിയിടുകയാണ്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോകുന്നവർ ബസ് സ്റ്റോപ്പിനടുത്ത് റോഡരികിലോ കച്ചവടസ്ഥാപനങ്ങൾക്കു മുമ്പിലോ വാഹനം നിറുത്തിയിടുകയും വൈകീട്ട് വാഹനം എടുത്തുകൊണ്ടപോവുകയുമാണ്.
പൊതുവാഹനങ്ങളെ
കൈയൊഴിഞ്ഞു
റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ കാൽനട യാത്രക്കാർക്ക് വഴിനടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. തിരക്കുകുറഞ്ഞ സ്ഥലങ്ങളിലോ, പാക്കിംഗ് ഗ്രൗണ്ടുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞുവന്നതോടെ ടൗണുകൾ വാഹനങ്ങൾ കൊണ്ട് നിറയുന്നു. വിദ്യാർത്ഥികൾ പോലും പൊതുവാഹനങ്ങളുപേക്ഷിച്ച് സ്വന്തം വാഹനങ്ങളിൽ എത്തുന്നത് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കൊവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്ന് രോഗവ്യാപനം തടയാനെന്ന പേരിൽ സ്വന്തം വാഹനങ്ങളിൽ ടൗണുകളിലും ജോലിസ്ഥലത്തുമൊക്കെ പോകുന്ന രീതി വ്യാപകമായതാണ് ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുവാൻ ആളുകൾ താല്പര്യപ്പെടുന്നില്ലെങ്കിൽ വരും നാളുകളിൽ മലയോര ടൗണുകളിൽകൂടി വഴിനടക്കാൻ പറ്റാത്ത സ്ഥിതി വന്നുചേരും.
നാട്ടുകാർ