
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ പാർട്ടി ഇടപെടില്ലെന്ന് ആവർത്തിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓരോ സംസ്ഥാനവും വ്യത്യസ്ത പദ്ധതികൾ നടപ്പാക്കാറുണ്ട്. കേരളത്തിന്റെ വ്യത്യസ്ത പദ്ധതിയാണ് സിൽവർ ലൈൻ. പരിസ്ഥിതി ആഘാത പഠനവും മറ്റും നടന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടാതിരിക്കുകയാണ് പാർട്ടി നയമെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിൽവർ ലൈൻ യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇതിൽ പാർട്ടി കേന്ദ്ര ഘടകത്തിന് യാതൊരു ആശയക്കുഴപ്പമോ അവ്യക്തതയോ ഇല്ല. പൂർണമായും പരിസ്ഥിതിക്ക് ഇണങ്ങുന്നതായിരിക്കും പദ്ധതി. മുന്നോട്ട് പോകണമെന്നു തന്നെയാണ് പാർട്ടി നിലപാട്.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഈയിടെ നടത്തിയ ചർച്ചയിലെ അനുകൂല നിലപാടുകൾ മുഖ്യമന്ത്രി പങ്കുവച്ചതിനെയും യെച്ചൂരി ഓർമ്മിപ്പിച്ചു. ഈ ചർച്ചയുടെ അനന്തരഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
മഹാരാഷ്ട്രയിൽ എതിർപ്പ്
മഹാരാഷ്ട്രയിലെ അതിവേഗ റെയിൽ പദ്ധതിക്ക് നിർബന്ധിത ഭൂമിയേറ്റെടുക്കൽ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് സി.പി.എം മഹാരാഷ്ട്ര ഘടകം. പാർട്ടി കോൺഗ്രസ് ചർച്ചയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉയർത്തും. രണ്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രശ്നങ്ങളാണുള്ളത്. ഭൂമിക്ക് നഷ്ടപരിഹാരം കിട്ടിയാലും മഹാരാഷ്ട്രയിൽ സമരം പിൻവലിക്കില്ലെന്ന് കിസാൻ സഭ സെക്രട്ടറി അജിത്ത് നെവാലെ പറഞ്ഞു.