yechoori
കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസി നോടനുബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളം കുടിക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സമീപം

കണ്ണൂർ: കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈനിനെതിരെ പാർട്ടി കോൺഗ്രസ്സിൽ ബംഗാൾ ഘടകത്തിന്റെ മുന്നറിയിപ്പ്. പദ്ധതി സംബന്ധിച്ച് ജനങ്ങളെ പൂർണ്ണമായും ബോദ്ധ്യപ്പെടുത്തണമെന്നും പാർട്ടി കോൺഗ്രസിൽ ബംഗാൾ പ്രതിനിധികൾ ആവശ്യപ്പെട്ടു.കെ റെയിൽ പദ്ധതിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയും പി.ബി. അംഗവുമായ പിണറായി വിജയൻ പറഞ്ഞിരുന്നത്. ഇതിന് നിലപാടിന് വിരുദ്ധമാണ് ബംഗാൾ ഘടകത്തിന്റെ പ്രതികരണം.

എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെന്ന് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേരളത്തിന്റെ പാരിസ്ഥിതിക ആശങ്ക പരിഗണിക്കണമെന്നും സിംഗൂരും നന്ദിഗ്രാമും നാം മറക്കരുതെന്നുമാണ് ബംഗാൾ ഘടകത്തിന്റെ ഉപദേശം. ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് മുന്നോട്ട് പോകരുത്, സിംഗൂരിൽ പറ്റിയ തെറ്റിൽ നിന്ന് പാഠം പഠിക്കണം. ജനങ്ങളെ ബോദ്ധ്യപ്പെടുത്തി അവരെ കൂടി പങ്കാളികളാക്കണമെന്നും പദ്ധതി നടത്തിപ്പിൽ ധൃതി കാണിക്കരുതെന്നും ബംഗാളിലെ ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി.സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ ബംഗാളിലെ പാർട്ടിയുടെ പതനത്തിന് ഇടയാക്കിയ നന്ദിഗ്രാം സംഭവം ഓർക്കണമെന്നാണ് ബംഗാൾ നേതാക്കൾ ആവശ്യപ്പെട്ടത്.

കൃഷിഭൂമി വൻകിട കുത്തക കമ്പനികൾക്കു നൽകിയതിനെതിരെ ഉണ്ടായ ജനരോഷത്തിൽ പാർട്ടിക്കു ഭരണം നഷ്ടപ്പെട്ടത് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തിരുന്നു. പാർട്ടി സാധാരണ ജനങ്ങളെ വിട്ട് കോർപറേറ്റുകളോട് അടുക്കുന്നുവെന്ന ധാരണയാണ് ബംഗാളിലെ ജനങ്ങൾക്കുണ്ടായത്.കേരളത്തിൽ ഭൂമി ഏറ്റെടുക്കുമ്പോൾ ഈ അനുഭവം ഉണ്ടാകാതിരിക്കാൻ കൃത്യമായ നിർദേശം കേന്ദ്രനേതൃത്വം നൽകണമെന്നാണ് ബംഗാൾ ഘടകത്തിന്റെ അഭിപ്രായം. ജനങ്ങളെ പൂർണ വിശ്വാസത്തിലെടുത്തു മാത്രമേ ഭൂമി ഏറ്റെടുക്കാവൂ എന്നും അവർ നിർദേശിക്കുന്നു.