muhammad-salim
മുഹമ്മദ് സലിം

കണ്ണൂർ: തൃണമൂൽ, ബി.ജെ.പി കക്ഷികളിൽ നിന്നും സി.പി. എം ശക്തമായ ആക്രമണം നേരിടുന്ന സംസ്ഥാനമാണ് ബംഗാൾ. പോസ്റ്റർ പതിക്കാനും മറ്റു പ്രചാരണങ്ങൾ നടത്താനും സി.പി. എമ്മിന് ഈ കക്ഷികളോട് അനുമതി വാങ്ങണം. ബംഗാളിലെ ഇടതുപക്ഷ സംഭാവനകളെയും ചരിത്രത്തെയും തന്നെ മായ്‌ക്കാനാണ്‌ ശ്രമം. ബംഗാളിൽ സി.പി.എം തിരിച്ചുവരാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. -സി.പി. എം പി.ബി അംഗവും ബംഗാൾ സെക്രട്ടറിയുമായ മുഹമ്മദ് സലിം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബംഗാളിന്റെ ഇടതുപക്ഷ മനസ്സ് നഷ്ടമാകുകയാണോ?

കേന്ദ്രത്തിൽ മോദിയും ബംഗാളിൽ ദീദിയും മാത്രമാണെന്ന പ്രചാരണം ഒരു വിഭാഗം അഴിച്ചുവിടുകയാണ്. ഇതിൽ ചില വലതുപക്ഷ മാദ്ധ്യമങ്ങളുമുണ്ട്. സി.പി.എമ്മിനെ എഴുതിത്തള്ളാനാണ്‌ അവരുടെ ശ്രമം. അത്‌ എളുപ്പമല്ല. ഇടതുപക്ഷം ബംഗാളിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.രാഷ്ട്രീയമായി മാത്രമല്ല, സാമൂഹ്യമായും സാംസ്‌കാരികമായുമെല്ലാം ബംഗാളിന്‌ ഇടതുപക്ഷ മനസാണ്‌. ഇടതുപക്ഷത്തെ തൂത്തെറിയുന്നതിനാണ്‌ തൃണമൂൽ രൂപപ്പെട്ടതുതന്നെ.

കോൺഗ്രസുമായി ഇനി സഖ്യം വേണ്ട എന്നാണോ പുതിയ നിലപാട്..?
ബംഗാളിൽ സി.പി.എമ്മിന് കോൺഗ്രസുമായി സ്ഥിരമായ സഖ്യമൊന്നുമില്ല. ബി.ജെ.പിയെയും തൃണമൂലിനെയും പരാജയപ്പെടുത്തുകയെന്നതാണ് ബംഗാളിൽ പാർട്ടിയുടെ ലക്ഷ്യം. അതിന് സഹായകരമാകുന്നവരുമായി യോജിച്ചുനീങ്ങും. തിരഞ്ഞെടുപ്പ് വേളയിൽ അപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും തീരുമാനം. മതേതര ജനാധിപത്യകക്ഷികളുമായി സംസ്ഥാന അടിസ്ഥാനത്തിൽ സഹകരിച്ചുനീങ്ങുമെന്നതാണ് പാർട്ടി കോൺഗ്രസ് സ്വീകരിച്ച നിലപാട്.

മൂന്നു പതിറ്റാണ്ട് കാലം ഭരണം കൈയാളിയ സംസ്ഥാനത്ത് സംഘടനാ സംവിധാനം പൊടുന്നനെ തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്..?
ബംഗാളിൽ സി.പി.എമ്മിന് സംഘടന സംവിധാനം പൂർണ്ണമായും തകർന്നുവെന്ന് കരുതേണ്ടതില്ല. ഞങ്ങൾക്ക് ആളകളുണ്ട്. അവരെ രംഗത്തുവരാൻ അനുവദിക്കുന്നില്ലെന്നതാണ് പ്രശ്നം. മുഴുവൻ ഭരണസംവിധാനവും ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുവർത്തികളായി മാറിയെന്നതാണ് രണ്ടാമത്തെ പ്രതിസന്ധി. പൊലീസും സർക്കാർ ഉദ്യോഗസ്ഥരും ഒരു പരിധി വരെ ജുഡീഷ്യറിയും സർക്കാറിന്റെ ചൊൽപ്പടിയിലാണ്. മോദി ഭരണത്തിൽ രാജ്യത്താകെ അത്തരമൊരു സാഹചര്യമാണ് ഉടലെടുക്കുന്നത്. ബംഗാളിൽ അത് ഏറ്റവും അപകടകരമായ നിലയിലാണ്.