കണ്ണൂർ: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള തമ്മിലടി മറനീക്കി പുറത്തുവന്നു. സ്പിൽഒാവർ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ സ്ഥിരം സമിതികളെ അറിയിക്കാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ആസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ രാഗേഷ് കുറ്റപ്പെടുത്തിയതോടെയാണ് തർക്കത്തിന്റെ തുടക്കം. കോൺഗ്രസിലെ മറ്റു സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, അഡ്വ. പി ഇന്ദിര, എം.പി. രാഗേഷ്, കൗൺസിലർ മാർട്ടിൻ ജോർജ്ജ് തുടങ്ങിയവർ ഇക്കാര്യത്തിൽ എതിർപ്പുമായി രംഗത്തുവന്നു. പ്രതിപക്ഷ അംഗങ്ങളും ഇടപെട്ടുരംഗത്തെത്തി.
കഴിഞ്ഞതവണ പൂർത്തീകരിക്കാൻ ബാക്കിയുള്ള പദ്ധതികൾ മുൻഗണനാ ക്രമത്തിൽ നടത്തുന്നതാണെന്നും രണ്ടാംഘട്ടത്തിലുള്ള പദ്ധതിയെ കുറിച്ച് ഏപ്രിൽ അവസാന വാരം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മേയർ അഡ്വ. ടി.ഒ മോഹനൻ വ്യക്തമാക്കി.
കൗൺസിലർമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന ബോധം വേണം. ഇവിടെ എല്ലാകാര്യങ്ങളും ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. ചർച്ചകളിലും മറ്റ് തീരുമാനങ്ങളെടുക്കുന്നതിലും പങ്കെടുക്കുകയെന്നത് അവരുടെ ഉത്തരവാദിത്വമാണ്. പിന്നീട് ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മേയർ പറഞ്ഞു.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലഗസി വേസ്റ്റ് നീക്കം ചെയ്യാൻ ഉടൻ നടപടിയുണ്ടാകും. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളിൽ ടാങ്കർ വഴി ശുദ്ധജലമെത്തിക്കാൻ ആവശ്യമായ ടെണ്ടർ വിളിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.
2022-23 വാർഷിക പദ്ധതി ആദ്യഘട്ട പദ്ധതി തയ്യാറാക്കുന്നതിനായി അടിയന്തര ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള നിർവഹണ ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 86 ശതമാനത്തിലേറെ പദ്ധതി വിഹിതം വിനിയോഗിച്ചതായും മേയർ വ്യക്തമാക്കി.
ആസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷൻ മാറിനിൽക്കുന്നു
യോഗങ്ങളിൽ നിന്നും മറ്റ് ചർച്ചകളിലും നിന്നും ആസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ. രാഗേഷ് മാറി നിൽക്കുകയാണ്. യോഗങ്ങൾക്കും മറ്റ് ചർച്ചകൾക്കും വിളിക്കുമ്പോൾ അവധിയാണെന്ന മറുപടിയാണ് നല്കുന്നത്. ഇത് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും തടസമാണ്.
മാർട്ടിൻ ജോർജ്ജ്
ഭരണപക്ഷ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർക്കിടയിൽ തന്നെ പരിഹരിക്കണം. അത് കൗൺസിൽ യോഗത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ഇത്തരം രീതികൾ പദ്ധതി നിർവഹണത്തിനും നടത്തിപ്പിനെയുമെല്ലാമാണ് ബാധിക്കുന്നത്.
ടി. രവീന്ദ്രൻ, എൽ.ഡി.എഫ് കൗൺസിലർ
ചേലോറ ട്രഞ്ചിംഗ് ഗ്രണ്ടിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യും
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം മഴയ്ക്ക് മുമ്പ് നീക്കം ചെയ്യാൻ തീരുമാനം. ബയോമൈനിംഗ് സംവിധാനത്തിലൂടെ ശാസ്ത്രീയമായാണ് മാലിന്യം നീക്കുന്നത്. മുംബയ് ആസ്ഥാനമായ റോയൽ വെസ്റ്റേൺ എൽ.എൽ.പി ജൻ ആധാർസേവ ബവീസൺസ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. എം.സി.എഫിന് മുമ്പിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്ലീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തി.