cpz-krishi-3
കാർഷിക വിളകളിലെ രോഗപ്പകർച്ച പരിശോധിക്കാൻ സി.പി.സി.ആർ.ഐയുടെ ശാസ്ത്രജ്ഞർ ചെറുപുഴ പഞ്ചായത്തിൽ പര്യടനം നടത്തിയപ്പോൾ

ചെറുപുഴ: മലയോര മേഖലയിൽ തെങ്ങിനും കവുങ്ങിനും അജ്ഞാത രോഗം ബാധിച്ച് ഉൽപാദന ക്ഷമത കുറയുകയും പെട്ടെന്ന് ഉണങ്ങി നശിക്കുകയും ചെയ്യുന്നത് ചെറുപുഴ കൃഷിഭവൻ അധികൃതരുടെ ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് നല്കിയ അപേക്ഷയെ തുടർന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.

കവുങ്ങ് തോട്ടങ്ങളിൽ പടരുന്ന ഇലപ്പുള്ളി രോഗത്തെക്കുറിച്ച് കൂടി പഠിക്കാനാണ് സി.പി.സി.ആർ.ഐ ശാസ്ത്ര സംഘം ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയത്. ഇലകൾ കരിഞ്ഞുണങ്ങി കമുകുകൾ പാടെ നശിക്കുന്ന രോഗത്തിന് പ്രതിവിധി കാണാനാകാതെ കർഷകർ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ശാസ്ത്ര സംഘം പരിശോധനക്കെത്തിയത്. രോഗപ്പകർച്ച കണ്ടെത്തിയ സ്ഥലങ്ങളിലെ മണ്ണിൽ പൊട്ടാഷിന്റെ കുറവുണ്ടെന്നും ഇതാണ് ഇലകളിൽ മഞ്ഞളിപ്പ് രോഗം പടരാൻ കാരണമെന്നും ശാസ്ത്രസംഘം വിശദീകരിച്ചു.

കാസർകോട് കേന്ദ്രത്തിലെ വിള സംരക്ഷണ വിഭാഗം മേധാവി ഡോ. വിനായക് ഹെഗ്‌ഡേ, സീനിയർ സയന്റിസ്റ്റ് ഡോ: എസ് നീനു, ഡോ. ജിലു വി സാജൻ, ഡോ. ഡാലിയ മോൾ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.കെ രാഘവൻ, റിസർച്ച് ഫെലോ ജെ. കീർത്തന,ചെറുപുഴ കൃഷി ഓഫീസർ എ. റെജിന, കൃഷി അസിസ്റ്റന്റുമാരായ കെ. സതീശൻ, പി. ലേഖ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്.

കർഷകർ സൂക്ഷിക്കാൻ

മാസങ്ങളുടെ ഇടവേളയിൽ മണ്ണിന്റെ രാസഘടന പരിശോധിക്കാൻ കർഷകർ തയ്യാറാകണം. മണ്ണിൽ ആവശ്യമായ ജീവകങ്ങൾ ലഭ്യമാക്കിയ ശേഷം കാലക്രമേണ മാത്രമേ ജൈവകൃഷിയിലേക്ക് മാറാൻ പാടുള്ളൂ. തെങ്ങുകളിൽ സാധാരണ കണ്ടുവരുന്ന രോഗമല്ല ഇപ്പോൾ കാണുന്നത്. തേങ്ങയും, ഇളനീരും, കരിക്കും, മച്ചിങ്ങയും കൊഴിയുകയും, ഓലകൾ ഒടിഞ്ഞുതൂങ്ങി തെങ്ങ് മുറിഞ്ഞ് വീഴുകയുമാണ്. രോഗബാധ തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ തന്നെ തെങ്ങ് നശിക്കുന്നു. ഇത് ഫംഗസ് ബാധയാണെന്ന് സംശയിക്കുന്നു. രോഗം വന്ന തെങ്ങിന്റെ മടൽ ഓല, കൂമ്പ്, തേങ്ങാ എന്നിവ വിദഗ്ദ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം വ്യക്തമാക്കും. ഇപ്പോൾ കോൺഡാഫ് എന്ന മരുന്നു വേരിലൂടെ നല്കാം.