
കണ്ണൂർ: കണ്ണൂരിൽ നടന്നുവരുന്ന സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ അമേരിക്കൻ സ്വതന്ത്ര്യമാദ്ധ്യമപ്രവർത്തകനും. ന്യൂജഴ്സി സ്വദേശിയായ പാട്രിക്കാണ് (29)കണ്ണൂരിലെത്തിയത്. അമേരിക്കയിലെ ഇടതു ലിബറൽ സംഘടനകളുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഏറെ ബന്ധം പുലർത്തുന്ന സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ നിൽക്കുന്ന മാദ്ധ്യമപ്രവർത്തകനാണ് പാട്രിക്ക്. അതുകൊണ്ടു തന്നെ കേരളത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചു കൃത്യമായ ധാരണയും പാട്രിക്കിനുണ്ട്.
തോക്കിൻകുഴലില്ലാതെ അധികാരം പിടിക്കുകയും ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുകയും ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചു പറയുമ്പോൾ നൂറുനാവാണ് പാട്രിക്കിന്. കേരളത്തിന്റെ ഭൂപ്രകൃതിയെയും ജനങ്ങളെയും ഇഷ്ടപ്പെടുന്ന പാട്രിക്കിന്റെ വിനോദസഞ്ചാരലിസ്റ്റിൽ കേരളമെപ്പോഴും ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം കൊച്ചി കാണാൻ അമേരിക്കിയിൽ നിന്നും വിമാനമിറങ്ങിയതാണ് പാട്രിക്ക്.അപ്പോഴാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതായുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞത്. എന്നാൽ ഇതും കൂടി റിപ്പോർട്ടു ചെയ്തു പോകാമെന്ന് കരുതി നേരെ കണ്ണൂരിലേക്ക് വച്ചുപിടിക്കുകയായിരുന്നു. ഇനി പത്താം തീയ്യതിയിലെ പൊതുസമ്മേളനം കഴിഞ്ഞേ മടക്കമുള്ളു.നേതാക്കളുമായുള്ള അഭിമുഖങ്ങൾ, കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്നിവയൊക്കെയാണ് റിപ്പോർട്ടു ചെയ്തത്.
ഒരു കമ്യുണിസ്റ്റ് പാർട്ടി സമ്മേളനം ഉത്സവം പോലെ ജനങ്ങൾ ആഘോഷിക്കുന്നത് ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നാണ പാട്രിക്ക് പറയുന്നത്. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും നാട്ടിൽ പാർട്ടി അംഗമൊന്നുമല്ല പാട്രിക്ക്. എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ഏറെ ആകർഷിച്ചുവെന്നും കേരളത്തിലെ പാർട്ടി പവർഫുള്ളാണെന്നുമാണ് പാട്രിക്കിന്റെ അഭിപ്രായം.നിരവധി നേതാക്കളും പ്രവർത്തകരും വളണ്ടിയർമാരുമായെടുത്ത സെൽഫിയെടുക്കുന്ന തിരക്കിലാണ് പാട്രിക്ക് തന്റെ വിശേഷങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവച്ചത്.