photo-1-

കുടുംബത്തോടൊപ്പം മാത്രമേ യാത്രചെയ്യാവൂ എന്ന സ്ത്രീപാഠങ്ങളുടെ കാലം കഴിയുന്നു. തനിച്ചും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നിറയുന്നു ലോകത്ത്. കണ്ണൂരിൽ നിന്നും അദ്ധ്യാപികയായ അനീഷ മധുസൂദനനും മകൾ മധുരിമയും ബുള്ളറ്റിലാണ് കെ.ടു.കെ (കാസർകോട് ടു കന്യാകുമാരി) യാത്ര പുറപ്പെട്ടത്. കേരള ടു കശ്മീർ സ്വപ്നയാത്ര വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് അമ്മയും മകളും കെ.ടു.കെ യാത്ര പുറപ്പെട്ടിരിക്കുന്നത്. ഇവർ മാത്രമല്ല നിരവധി സ്ത്രീകൾ തനിച്ചും സുഹൃത്തുക്കളുമായും സാമൂഹ്യ മാദ്ധ്യമ കൂട്ടായ്മകളുണ്ടാക്കിയുമെല്ലാം യാത്ര ചെയ്‌തുകൊണ്ടിരിക്കുകയാണ്. യാത്രകൾ ആസ്വദിക്കുന്ന സ്ത്രീകൾ അത്തരം യാത്രകൾക്കായി മുൻകൈയെടുക്കുന്നു എന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണ്.

പുരുഷന്മാർക്ക് യാത്രചെയ്യാൻ നിരവധി അവസരങ്ങളുണ്ട്. സുരക്ഷയോ, വാഹനമോ ഒന്നും പ്രശ്‌നമല്ല. എന്നാൽ സ്ത്രീകൾക്ക് പല പരിമിതികളും ഉണ്ടാകും. സുരക്ഷ മുതൽ വീട്ടുകാരുടെ എതിർപ്പ് വരെ വെല്ലുവിളിയാണ് അവർക്ക്. വിവാഹിതയാണെങ്കിൽ ഭർത്താവ്, അല്ലാത്തവരാണെങ്കിൽ അച്ഛൻ, അമ്മ എന്നിവരെ യാത്രകൾ മനസിന് നല്കുന്ന ഉന്മേഷത്തെപ്പറ്റിയും ഊർജ്ജത്തെപ്പറ്റിയും ബോദ്ധ്യപ്പെടുത്തുക എന്നത് വലിയ കടമ്പയാണ്. എന്നാൽ ഇന്ന് ഇതിൽ വിലക്കുകൾ മുറിച്ച് ഏറെ മുന്നോട്ട് പോയിരിക്കുകയാണ് ഇന്നത്തെ സ്ത്രീകൾ.

പ്രകൃതി സൗന്ദര്യവും പൈതൃക യാത്രകൾക്കും പുറമേ സാഹസിക യാത്രകളിലേക്കും സ്ത്രീകൾ കടന്നുവരികയാണ്. സോളോ ട്രിപ്പ് എന്നത് പുരുഷന്മാരുടെ മാത്രം കുത്തകയാണെന്ന ധാരണയും പൊളിച്ചടുക്കിക്കഴിഞ്ഞു സ്ത്രീകൾ. ധാരാളം സ്‌ത്രീകൾ ഇതിനോടകം സോളോ ട്രിപ്പ് പോയിക്കഴിഞ്ഞു. നിരവധിപേർ പോകുന്നുമുണ്ട്.

എതിർപ്പുകൾ ഉണ്ടാകുന്നത്

ഒറ്റയ്ക്കൊരു സ്ത്രീ യാത്ര പോകുന്നെന്ന് പറയുമ്പോൾ കുടുംബത്തിൽ നിന്നുപോലും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സ്ത്രീ തനിച്ച് യാത്ര ചെയ്യുമ്പോൾ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് വിലക്കുകൾക്ക് കാരണം. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്ന കാലത്ത് ഒരു സ്ത്രീ തനിച്ച് യാത്ര ചെയ്യാനൊരുങ്ങുമ്പോൾ പരിചയമില്ലാത്ത സ്ഥലം, ആളുകൾ, ഒറ്റപ്പെട്ട സ്ഥലത്തു കൂടെയുള്ള യാത്ര ഇതൊക്കെ ചോദ്യമായി ഉയരും. ഇത്തരം വെല്ലുവിളികൾ ഒരു യാത്രയ്ക്ക് തടസ്സമാകുമ്പോൾ പ്ലാൻ ചെയ്ത യാത്ര പാതിവഴിയിൽ ഉപേക്ഷിക്കരുത്. പകരം ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പ്രായോഗികവും സുരക്ഷ ഉറപ്പാക്കുന്നതുമായ വഴികൾ കണ്ടെത്തണം.

പുറപ്പെടും മുൻപേ

യാത്ര എങ്ങോട്ടായാലും അത് എത്രത്തോളം സുരക്ഷിതമാണെന്ന് നാം മുൻകൂട്ടി കാണേണ്ടതുണ്ട്. എവിടേക്കുള്ള യാത്രയാണെങ്കിലും അർദ്ധരാത്രിയിൽ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരുന്ന തരത്തിലാകരുത്. വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ​ ​സ്ഥ​ലത്തെത്തണം. താ​മ​സ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ മുൻകൂട്ടി ക്രമീകരിക്കണം. ​ ​സോളോ ട്രിപ്പുകളിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കുക, രാത്രിയിൽ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നത് സൗകര്യക്കുറവും ചെലവ് കൂടുതലുമാണെന്ന് മാത്രമല്ല, സുരക്ഷിതത്വത്തിന്റെ പ്രശ്‌നം കൂടിയാണ്. യാത്രകളിൽ സഹായിക്കാനും കാര്യങ്ങൾ വ്യക്തമാക്കിത്തരാമെന്നും പറഞ്ഞ് സമീപിക്കുന്നവർ ധാരാളമുണ്ടാകും. കയ്യിലുള്ള പണമോ മറ്റെന്തെങ്കിലുമോ ആകാം അവരുടെ ലക്ഷ്യം. അവരെ വിശ്വസിക്കാതിരിക്കുക. യാത്രയ്‌ക്ക് മുൻപ് തന്നെ പോകേണ്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നത് വളരെ പ്രാധാന്യമാണ്. യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത് യാത്ര സുരക്ഷിതമാക്കും.

പൾസറിൽ കശ്മീരിലേക്ക്

സോളോ ട്രിപ്പ് ചെയ്ത ലക്ഷ്മി

കേരളത്തിൽ നിന്നും മണാലി, ലേ, ലഡാക്ക് വഴി കർദൂംഗ് ലാ പാസ് വരേയും പിന്നെ കശ്മീർ വരെയും സോളോ റൈഡ് നടത്തി നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായ ആളാണ് പാലക്കാട് കൽപ്പാത്തി സ്വദേശി ലക്ഷ്മി . പൾസറിൽ ഒ​റ്റക്ക് യാത്രപോയ ലക്ഷ്മിയുടെ ആത്മധൈര്യവും അങ്ങേയറ്റം പ്രശംസനീയമാണ് . 2019 ൽ ആയിരുന്നു 59 ദിവസത്തെ കാശ്മീർ സോളോ ട്രിപ്പ് പോയത്. ഇന്ത്യ മുഴുവൻ ചുറ്റികാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര പുറപ്പെട്ടത്. സുരക്ഷ മുൻനിറുത്തി കൊണ്ട് രാത്രിയാത്ര പരമാവധി ഒഴിവാക്കിയിരുന്നു. പുതിയ സ്ഥലങ്ങൾ കാണാനും, വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിക്കാനും ആൾക്കാരെ പരിചയപ്പെടാനുമെല്ലാം ചെറുപ്പം മുതൽ തന്നെ ഇഷ്ടമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞു. മലയിടിച്ചിലും പേമാരിയും കൊടുംമഞ്ഞും കടന്നായിരുന്നു യാത്ര. ചെറുപ്പത്തിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ട ലക്ഷ്മിക്ക് പിതാവ് ലക്ഷ്മണനാണ് പൂർണ്ണ പിന്തുണ നല്‌കിയത്. ലക്ഷ്മിയെ മാതൃകയാക്കി ബൈക്കിൽ ദീർഘദൂരയാത്രകൾ പോയവരും നിരവധിയാണ്.

അപ്പൂപ്പൻ താടികളായി

യാത്രകൾ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായുള്ള ഫേസ് ബുക്ക് കൂട്ടായ്മയാണ് അപ്പൂപ്പൻതാടി. ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്ന സജ്നയാണ് അപ്പൂപ്പൻ താടിയെന്ന ഫേസ് ബുക്ക് പേജ് ആരംഭിക്കുന്നത്.

അഞ്ചരവർഷം മുമ്പാണ് യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി പേജ് തുടങ്ങിയത്. ആദ്യം പേജിൽ അടുത്തതായി വരുന്ന യാത്രകളെക്കുറിച്ച് അറിയിക്കും. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ വാട്ട്‌സ് അപ്പ് നമ്പറും നൽകും. പിന്നീട് നമ്പർ വഴിയാണ് ആശയവിനിമിയം. യാത്ര പോകാൻ തിരഞ്ഞെടുത്ത സ്ഥലത്ത് ആദ്യം സജ്‌ന പോയി സൗകര്യങ്ങളെക്കുറിച്ചും മറ്റും മനസ്സിലാക്കും. ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഗ്രൂപ്പ് യാത്രയ്ക്ക് ഈ സ്ഥലം തിരഞ്ഞടുക്കൂ. പോകുന്ന ദിവസം ഗ്രൂപ്പിലെ അംഗങ്ങൾ ഒരു സ്ഥലത്ത് കൂടിച്ചേരും. ഓരോ യാത്രകൾക്കും ഓരോ സ്​റ്റാർട്ടിംഗ് പോയിന്റ് ആയിരിക്കും. യാത്രയിൽ ഭക്ഷണം, താമസം, വാഹനം തുടങ്ങിയ സൗകര്യങ്ങൾ അപ്പൂപ്പൻതാടിയൊരുക്കും.

150 ഓളം യാത്രകൾ അപ്പൂപ്പൻതാടി നടത്തി. മാസത്തിൽ അഞ്ച് യാത്രകൾ വരെയുണ്ടാകും. എട്ട് പേരടങ്ങുന്ന സംഘമായി തെന്മലയിലേക്ക് നടത്തിയ യാത്രയാണ് അപ്പൂപ്പൻതാടിയെന്ന ഫേസ്ബുക്ക് പേജിലേക്ക് വഴിതുറന്നത്.