കണ്ണൂർ: അതിസൂക്ഷ്മമായി ലക്ഷ്യം കാണാനാവുന്ന, വളരെ ദൂരത്തിൽ ക്രമീകരിച്ച് ശത്രുവിനെ കൃത്യമായി വകവരുത്താൻ സഹായിക്കുന്ന അത്യാധുനിക 7.6 സ്‌നൈപ്പർ റൈഫിൾ നേരിട്ടുകാണാം കണ്ണൂരിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലെ പൊലീസ് സ്റ്റാളിൽ. കേരളാ പൊലീസിന്റെ ഭീകര വിരുദ്ധസേനയ്ക്ക് പ്രത്യേകമായി അനുവദിച്ചിരിക്കുന്നതാണ് ഈ ആയുധം. അമേരിക്കൻ നിർമ്മിത ടെലസ്‌കോപ്പ് ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.
കൃത്യമായി ഉന്നംപിടിച്ച് മറ്റാർക്കും അപകടം ഏൽക്കാതെ ശത്രുവിനെ മാത്രം വകവരുത്തുന്നതിന് ഓരോ ഷോട്ടായി വെടി ഉതിർക്കാൻ കഴിയുന്നതാണ് ഈ ആയുധം. പൊലീസിന്റെ കൈവശമുളള ആയുധങ്ങളുടെ പ്രത്യേകതയും അവയുടെ പ്രവർത്തന രീതിയും പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകുന്നുമുണ്ട്.
ഒരു മിനിറ്റിൽ 600 റൗണ്ടുവരെ ഫയർ ചെയ്യാൻ കഴിയുന്ന ഇസ്രായേൽ നിർമ്മിത 9 എം.എം എസ്.എം.ജി തോക്കാണ് ആയുധ ശേഖരത്തിലെ മറ്റൊരു ആകർഷണം. ഓട്ടോമാറ്റിക് ആയും ഒറ്റയായും ഫയർ ചെയ്യാം. ഓടിക്കൊണ്ടിരിക്കുന്ന അക്രമിയെ കീഴ്‌പ്പെടുത്തുന്നതിന് ഒരു തവണ കാഞ്ചി വലിച്ചാൽ രണ്ട് വെടി ഉതിർക്കുന്ന വിധത്തിലും ഈ ആയുധം ക്രമീകരിക്കാം. വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന ഈ തോക്ക് സുരക്ഷാ ഡ്യൂട്ടികൾക്ക് സ്ഥിരമായി ഉപയോഗിക്കുന്നു.
ഇതിന് പുറമെ ഇന്ത്യൻ നിർമ്മിതവും റഷ്യൻ നിർമ്മിതവുമായ എ.കെ.47 തോക്കുകളും പ്രദർശനത്തിലുണ്ട്. 30 റൗണ്ട് മെഗസിൻ കപ്പാസിറ്റി ഉളളവയാണ് ഓരോ തോക്കും. തൃച്ചിയിലെ ആയുധ ഫാക്ടറിയിൽ നിന്നുളളതാണ് ഇന്ത്യൻ നിർമ്മിത എ.കെ. 47 തോക്ക്.
പൊലീസ് ഉദ്യോഗസ്ഥർ കൂടെ കൊണ്ടുനടക്കുന്ന ഇൻസാസ് റൈഫിൾ, അമേരിക്കൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റൾ, മുപ്പത് റൗണ്ട് മെഗസിൻ കപ്പാസിറ്റിയുളള ലൈറ്റ് മെഷീൻ ഗൺ എന്നിവയും കാണാം.
ഒരേ സമയം ആറ് ഗ്രനേഡുകൾ വരെ നിറയ്ക്കാൻ കഴിയുന്ന മൾട്ടി ഷെൽ ലോഞ്ചർ ആണ് മറ്റൊരു ആകർഷണം. റിവോൾവിംഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഈ ആയുധത്തിൽ ഷെല്ലുകളും റബ്ബർ ബുളളറ്റുകളും ലോഡ് ചെയ്യാൻ കഴിയും. കളർ ഗ്രനേഡ് ഉൾപ്പെടെ വിവിധതരം ഗ്രനേഡുകളും പ്രദർശനത്തിലുണ്ട്. കണ്ണൂർ റേഞ്ച് ആർമർ ഇൻസ്‌പെക്ടർ ഡി.വിനോദിനാണ് ആയുധ സ്റ്റാളിന്റെ ഏകോപന ചുമതല.

എന്റെ കേരളം മെഗാ എക്സിബിഷനിലെ പൊലീസിന്റെ ആയുധ സ്റ്റാളിൽ നിന്നുളള വിവിധ ദൃശ്യങ്ങൾ.