മാതമംഗലം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും പദ്ധതിനിർവ്വഹണത്തിൽ സാമ്പത്തിക വർഷം ലഭ്യമായ ഫണ്ടുകൾ പൂർണമായും വിനിയോഗിക്കുന്നതിലും നികുതി പിരിച്ചെടുക്കുന്നതിലും എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന് ശ്രദ്ധേയമായ നേട്ടം. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലൂടെ വളരെ മുന്നേതന്നെ ഐ.എസ്.ഒ അംഗീകാരം നേടുന്നതിനും നിലനിർത്തുന്നതിനും സാധിച്ചു. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകളും യഥാസമയം തീർപ്പാക്കി. മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തി. നഗരമധ്യത്തിൽ മാതമംഗലം ടൗണിൽ 20 ലക്ഷം രൂപ ചെലവഴിച്ച് മോഡൽ അങ്കണവാടി കെട്ടിടം, കക്കറ പൊതു ശ്മശാനം, ഓലയമ്പാടിയിൽ നിർമ്മിച്ച വയോജനകേന്ദ്രം, കാർഷിക മേഖലയിൽ ജലസേചന സൗകര്യം ഒരുക്കുന്നതിനുവേണ്ടി നെല്ല്യാട് നിർമ്മിച്ച തടയണ, നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 475 ലൈറ്റുകൾ സ്ഥാപിച്ചത് തുടങ്ങിയവ ജനശ്രദ്ധ ആകർഷിച്ച പ്രവൃത്തികളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 5.35 കോടി രൂപ രൂപ വിനിയോഗിച്ച് ഒരു ലക്ഷം തൊഴിൽ ദിനങ്ങളാണ് ഈ സാമ്പത്തിക വർഷം സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ അറിയിച്ചു.