തുക ലഭിക്കാനുള്ളത് 2,966 പേർക്ക്

കാസർകോട്; എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഇരകൾക്ക് ആശ്വാസമാകുന്നു. ർജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി നിരന്തരമായി നടത്തിയ പോരാട്ടമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ വിജയം കാണുന്നത്.

സർക്കാർ രേഖകൾ പ്രകാരം കാസർകോട്ട് കണ്ടെത്തിയ 6,727 ദുരിതബാധിതരിൽ ഇനി തുക ലഭിക്കാനുള്ളത് 2,966 പേർക്കാണ്. ഇതിന് 217 കോടി രൂപ വേണ്ടിവരുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

വിധി നടപ്പാക്കാത്തതിനെതിരെ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെർവ് കലക്ടീവ് ആണ് അഭിഭാഷകനായ പി.എസ് സുധീർ വഴി കോടതിയലക്ഷ്യഹരജി നൽകിയത്. നഷ്ടപരിഹാരം നൽകണമെന്ന് രണ്ട് ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തുക കൈമാറിയ ശേഷം റിപ്പോർട്ട് കോടതിക്ക് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള വിവരശേഖരണം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധർ ഉൾപ്പെടുന്ന സംഘം വീടുകൾ സന്ദർശിച്ച് പരിശോധന നടത്തി അർഹത ഉറപ്പാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിൽ നടപടിക്ക് ഇനി വേഗത കൂടും.

പാലിയേറ്റീവ് കെയർ ആശുപത്രി വേണമെന്ന എൻഡോസൾഫാൻ ഇരകളുടെ ആവശ്യം പ്രത്യേകമായി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിന്റെ കൂടെ പരിഗണിക്കുന്നതിന് പകരം പ്രത്യേക കേസായി ഫയൽ ചെയ്യാൻ കോടതി തന്നെ നിർദ്ദേശിച്ചതോടെ ഇക്കാര്യത്തിലും കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലതീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ വർദ്ധിച്ചിരിക്കുകയാണ്.