
കണ്ണൂർ: രാജ്യത്തെ മതനിരേപക്ഷ ചേരിയിൽ തങ്ങൾ നിൽക്കുന്നുണ്ടോയെന്ന് ജനങ്ങളോട് തുറന്നുപറയാൻ കോൺഗ്രസ് തയ്യാറാകണമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെഡറിലിസം തകർക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ . എല്ലാ സ്‌കൂളുകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് കഴിഞ്ഞ ദിവസംകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. . ഭാഷയുടെ അടിസ്ഥാനത്തിലാണ് മിക്ക സംസ്ഥാനങ്ങളും രൂപീകരിച്ചിട്ടുള്ളത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബി.ജെ.പി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനെയൊന്നും എതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. മതനിരപേക്ഷത ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട സമയത്ത് കോൺഗ്രസ് സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന മതനിരപേക്ഷ സെമിനാറിൽ പങ്കെടുക്കാൻ തയ്യാറായില്ല.മാത്രമല്ല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്നു- യെച്ചൂരി പറഞ്ഞു.