കാസർകോട്: കാസർകോട്ടെ കെ.സി.എൻ ചാനൽ ഡയറക്ടർ മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടിൽ നിന്ന് 33 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ഉദയഗിരി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുമുൽകാഴ്ച പോകുന്നതിനിടെ വീട്ടുകാർ പുറത്തിറങ്ങി ഗേറ്റിന് സമീപം നിന്ന് കാഴ്ച ആസ്വദിക്കുന്നതിനിടെയാണ് കവർച്ച നടന്നത്. രാത്രി 9.30നും 10നും ഇടയിലാണ് സംഭവം. വീട്ടിനകത്ത് നിന്നുള്ള ശബ്ദംകേട്ട് വീട്ടുകാർ അകത്തേക്ക് പോകുന്നതിനിടെ ഒരാൾ ഇരുളിൾ മറഞ്ഞ് ഓടുന്നതായി കണ്ടു. പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന ചെയിൻ, ലോക്കറ്റ്, പാദസരം, വളകൾ തുടങ്ങിയ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്. അർച്ചനയുടെ പരാതിയിലാണ് കേസ്. കാസർകോട് എസ്.ഐ എം.വി വിഷ്ണുപ്രസാദ്, എ.എസ്.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പൊലീസ് നായ പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ ഇന്നലെ എത്തിതെളിവുകൾ ശേഖരിച്ചു.