കരിവെള്ളൂർ: കരിവെള്ളൂർ- പെരളം ഗ്രാമ പഞ്ചായത്തിന് രണ്ട് ദേശീയ അവാർഡ് തിളക്കം. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡ് (സി.എഫ്.ജി.പി.എ), നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം (എൻ.ഡി.ആർ.ജി.ജി.എസ്.പി) എന്നീ പുരസ്‌കാരങ്ങളാണ് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. 2021ൽ ലഭിച്ച ദേശീയ ശിശു സൗഹൃദ അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കരസ്ഥമാക്കാനായി.
ഓരോ സംസ്ഥാനത്ത് നിന്നും ഒരു ഗ്രാമ പഞ്ചായത്തിന് മാത്രമാണ് ശിശു സൗഹൃദ അവാർഡ് നല്കുന്നത്. അങ്കണവാടികൾ, ശിശു മന്ദിരം, ബഡ്‌സ് സ്‌പെഷൽ സ്‌കൂൾ, സ്‌കൂളുകൾ എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങളോടൊപ്പം കുടുംബശ്രീ ബാലസഭകൾ മുഖേനയുള്ള ഇടപെടലുകളും അവാർഡിന് സഹാകരമായി. ബാലസൗഹൃദ പഞ്ചായത്ത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെയും വയോജനങ്ങളുടെയും മാനസികൈക്യം അടിസ്ഥാനമാക്കി നടപ്പാക്കിയ ആരോഗ്യ പാർക്ക്, ബഡ്‌സ് സ്‌കൂളിലെ തൊഴിൽ പരിശീലനങ്ങൾ, കൊവിഡ് 19 കാലത്ത് കുട്ടികൾക്ക് പഠന സൗകര്യങ്ങൾ അടക്കം ഒരുക്കിയത് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ പൊതുജനങ്ങളുടെ സഹായത്തോടെ ഏറ്റെടുക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
ഗ്രാമസഭകൾ അംഗീകരിച്ച പദ്ധതികൾ വഴി സാമൂഹിക സാമ്പത്തിക വികസനത്തിന് മികച്ച സംഭാവന നല്കിയതിനാണ് നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം പഞ്ചായത്തിനെ തേടിയെത്തിയത്. ഭരണ സമിതി, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ബഹുമതികളെന്ന് പ്രസിഡന്റ് എ.വി. ലേജു, സെക്രട്ടറി വി.പി സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.