പാനൂർ: പെരിങ്ങത്തൂരിൽ സ്ഫോടനത്തിൽ ബംഗാൾ സ്വദേശിയായ 16കാരന്റെ കൈപ്പത്തി ചിന്നിച്ചിതറി. ഇന്നലെ രാവിലെ കായപ്പനച്ചി പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. തോട്ട പൊട്ടിയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. കൊൽക്കത്ത സ്വദേശി ഷോർദാർ ഇബ്രാഹീമിന്റെ ഇടത് കൈപ്പത്തിയാണ് തകർന്നത്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഇയാളെ പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൗമാരക്കാരന്റെ കുടുംബം സൗത്ത് അണിയാരത്താണ് താമസിക്കുന്നത്. വർഷങ്ങളായി പുഴയോരത്ത് താമസിച്ചു മീൻപിടിച്ചുവരികയായിരുന്നു കുടുംബം. നാദാപുരം പൊലീസും ചൊക്ലി പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടന വസ്തുക്കൾ കൈകാര്യം ചെയ്തതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.