കാസർകോട്: കഴിഞ്ഞദിവസമുണ്ടായ വേനൽ മഴയും കാറ്റും ഇടിമിന്നലും പരക്കെ നാശനഷ്ടമുണ്ടാക്കി. പെരിയ നാലേക്രയിലെ കൃഷ്ണന്റെ വീട്ടിലെ ഫാൻ, ബൾബുകൾ എന്നിവ നശിച്ചു. മെയിൻ സ്വിച്ചിനും കേടുപാടു സംഭവിച്ചു.
പനത്തടി വില്ലേജിലെ പുളിയാർകൊച്ചിയിലെ എങ്കപ്പു നായ്ക്കിന്റെ വീടിന് മുകളിൽ മരം പൊട്ടിവീണ് വീട് ഭാഗികമായി തകർന്നു. പാറപ്പള്ളിയിലെ ഇടത്തോട് ബഷീറിന്റെ വീടിന് മുകളിൽ തെങ്ങു വീണു. പള്ളത്തിങ്കാൽ വളവിലെ ഷംസുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് നാശനഷ്ടമുണ്ടായി. പുലിക്കോട് കെ. കരുണാകരന്റെയും കക്കോട്ടമ്മയിലെ കെ. വേണുഗോപാലന്റെയും നൂറിലേറെ റബ്ബർ മരങ്ങളും കാറ്റിൽ നശിച്ചു. കരുണാകരന്റെ വാഴകൃഷി, കോഴിഫാം എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. എടമ്പുരടി, കളക്കര, മിയ്യങ്ങാനം ഭാഗങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. പള്ളത്തിങ്കാലിലെ ജിതിന്റെ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ പൂർണമായും തകർന്നു.
ചുക്കിനടുക്ക പട്ടാജെയിൽ വീടിന് ഇടിമിന്നലേറ്റു. ഗൃഹോപകരണങ്ങളും വയറിംഗും കത്തിനശിച്ചു. നാരായണ മണിയാണിയുടെ വീട്ടിലാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് നാരായണമണിയാണിയും ഭാര്യ ശാരദയും വീടിന് പുറത്ത് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടിവിയും മറ്റ് ഗൃഹോപകരണങ്ങളും നശിച്ചു.