പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിൽ വർഷങ്ങളായി കരാർ വ്യവസ്ഥയിൽ തൊഴിൽ ചെയ്തുവരുന്ന തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.
നാവിക അക്കാഡമി കരാർ തൊഴിലാളി സംഘടനയായ സതേൺ നേവൽ കമാൻഡ് കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ നാവിക അക്കാഡമി ഗേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.
വി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.വി. രാഘവൻ, ടി. ഗോവിന്ദൻ, പി.വി. സുജാത, കെ. നിഷ, കെ. രജിത തുടങ്ങിയവർ സംസാരിച്ചു.
നാവിക അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടംബങ്ങളിലൊരാൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം ജലരേഖയായപ്പോൾ ഇവിടെ നടന്നിരുന്ന നിർമ്മാണ പ്രവൃത്തികളായിരുന്നു നാട്ടുകാർക്ക് അൽപം ആശ്വാസമായിരുന്നത്. നാവിക അക്കാഡമി കമ്മീഷൻ ചെയ്തതോടെ പ്രദേശത്തെ ശുചീകരണമുൾപ്പെടെയുള്ള കരാർ ജോലികളായിരുന്നു പിന്നീടുള്ള ആശ്രയം. കാരാർ കമ്പനികൾ മാറി മാറി വന്നപ്പോൾ എഗ്രിമെന്റ് വ്യവസ്ഥയിൽനിന്നും തൊഴിലാളികളുടെ എണ്ണവും കുറച്ചുകൊണ്ടുവന്നതോടെയാണ് ഇവരുടെ തൊഴിലവസരങ്ങൾ കുറയാൻ തുടങ്ങിയത്. ഇപ്പോൾ മുന്നൂറ്റമ്പതോളം തൊഴിലാളികളാണ് ഇവിടെ കരാർ മേഖലയിൽ തൊഴിൽ ചെയ്യുന്നത്.
നിലവിലുള്ള തൊഴിലാളികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുവാൻ നാവിക അക്കാഡമി അധികൃതരുൾപ്പെടെയുള്ളവർ ശ്രമിക്കുന്നതായും, നാവിക അക്കാഡമി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഇത്തരം ജോലികൾക്കായി നിയോഗിച്ച് , ദിവസകൂലി കൂടി എഴുതി എടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് യൂനിയൻ ആരോപിച്ചു.