akasam
പൂർത്തിയാകാത്ത പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ ആകാശക്കാഴ്ച

നീലേശ്വരം: മുംബൈയ്ക്കും കന്യാകുമാരിയ്ക്കുമിടയിൽ ദേശീയപാത അറുപത്തിയാറിൽ ആകെയുള്ള റെയിൽവേ ലെവൽക്രോസ് ഈ മഴക്കാലത്തിന് മുമ്പെങ്കിലും പൂർത്തിയാകുമെന്നത് അതിമോഹം.

വസാനമായി ഓവർ ബ്രിഡ്ജിന് മുകളിൽ ഗർഡർ സ്ഥാപിക്കുന്നതിന് റെയിൽവെ അധികൃതർ മനസ് വെക്കാത്തതാണ് ലെവൽക്രോസ് പൂർത്തിയാകുന്നതിന് പ്രധാന തടസമായി നിൽക്കുന്നത്.

റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പൂർത്തിയാകേണ്ടുന്ന പ്രവൃത്തിയാണ് പാളത്തിന് മുകളിലുള്ള ഗർഡറിന്റെ നിർമ്മാണം. ഇതിനായി ട്രാക്കിന് സമീപത്തെ വൈദ്യുതി തൂണുകളടക്കം മാറ്റേണ്ടതുണ്ട്. ഇതിനായി കഴിഞ്ഞ മാസം പതിനാറിന് ഫൗണ്ടേഷൻ എടുത്തെങ്കിലും തുടർപ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നു.

പതിനൊന്ന് വൈദ്യുതി തൂണുകളും സ്റ്റേ വയറുകളുമാണ് ഗർ‌ഡർ സ്ഥാപിക്കുന്നതിനായി മാറ്റേണ്ടത്. തൂണുകൾ മാറ്റി സ്ഥാപിച്ച് ലൈൻ വലിച്ചാൽ മാത്രമേ ഓവർബ്രിഡ്ജിന് മുകളിലുള്ള ഗർഡർ വെക്കാനുള്ള പണി ആരംഭിക്കാനാവുകയുള്ളൂ. അതിനും ഇനി റെയിൽവേ അധികൃതർ കനിയണം. വൈദ്യുതി തൂണുകൾ മാറ്റാൻ പതിനാറു ലക്ഷം രൂപ ദേശീയപാത അധികൃതർ കഴിഞ്ഞ വർഷം തന്നെ കെട്ടിവെക്കുകയും ചെയ്തിരുന്നു.

തീർന്നു 90 ശതമാനം

റെയിൽവേ അധികൃതരുടെ മെല്ലേ പോക്ക് കാരണമാണ് പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജിന്റെ പണി ഇത്രയും നീണ്ടു പോകാൻ കാരണമായത്. പ്രധാന കരാറുകാരൻ ഏറ്റെടുത്ത 90 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരുടെ പണി കഴിഞ്ഞ് ഒന്നര മാസമായി റെയിൽവേ അധികൃതരുടെ കനിവ് കാത്ത് കിടക്കുകയാണ്.

24 മണിക്കൂർ; 18 തവണ അടഞ്ഞ്

കാലവർഷം ആരംഭിക്കാനിരിക്കെ റെയിൽവേ അധികൃതരുടെ ഈ മെല്ലേപ്പോക്ക് പരാതിക്കിടയാക്കുന്നുണ്ട്. ഈ മഴക്കാലത്തിന് മുമ്പ് പണി തീർന്നില്ലെങ്കിൽ പിന്നെയും മാസങ്ങൾ കഴിയേണ്ടിവരും. പള്ളിക്കര റെയിൽവേ ഓവർബ്രിഡ്ജിന്റെ പണി പൂർത്തീകരിക്കാൻ ഇപ്പോൾ തന്നെ 24 മണിക്കൂറിനുള്ളിൽ 18 തവണ പള്ളിക്കര റെയിൽവേ ഗേറ്റ് അടക്കേണ്ടതായി വരുന്നുണ്ട്.