ഏഴിമല: നാവിക അക്കാഡമിയിലേക്കുള്ള റെയിൽവേ സ്റ്റേഷൻ എന്ന വിശേഷണമുണ്ടായിരുന്നിട്ടും റെയിൽവേയുടെ വെട്ടിനിരത്തലിൽ വാടിത്തളർന്ന് ഏഴിമല റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷനാക്കി തരംതാഴ്ത്തിയിരിക്കുകയാണ് റെയിൽവേ. റെയിൽവേയുടെ ജീവനക്കാരെയെല്ലാം പടിയിറക്കി ടിക്കറ്റ് വിതരണം സ്വകാര്യ വ്യക്തിയെ ഏല്പിച്ചു. ഇതോടെ ഒരു നാടിന്റെ വികസന സ്വപ്നങ്ങൾക്ക് റെഡ് സിഗ്നൽ വീണിരിക്കുകയാണ്.
കുഞ്ഞിമംഗലത്തെയും സമീപ പഞ്ചായത്തുകളായ ചെറുതാഴം, കടന്നപ്പള്ളി, മാതമംഗലം, മാടായി പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങൾ, രാമന്തളിയിലെ കുന്നരു എന്നിവിടങ്ങളിലെ ആളുകൾക്ക് ആശ്രയിക്കാവുന്ന റെയിൽവേ സ്റ്രേഷനാണ് ഏഴിമല. എന്നാൽ, ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതാണ് റെയിൽവേ സ്റ്രേഷനിലെ വരുമാനം കുറയാൻ ഇടയാക്കിയതെന്നാണ് യാത്രക്കാരുടെ വാദം. വരുമാനം കുറഞ്ഞതിന്റെ പേരു പറഞ്ഞ് ഇപ്പോൾ റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്തുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജിലേക്ക് ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് വരെ ഏറെ ഉപകാരപ്രദമായി റെയിൽവേ സ്റ്റേഷനെ മാറ്റിയെടുക്കാനാകുമായിരുന്നു. പുറമെ മംഗലാപുരത്തെ വിവിധ ആശുപത്രികളിലേക്ക് പോകുന്ന നൂറ് കണക്കിന് രോഗികൾക്കും ആശ്രയമാകും.
വ്യാപാര ആവശ്യങ്ങൾക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്രക്കായി ധാരാളം പേർ ഇവിടെ എത്തിച്ചേരുന്നുണ്ട്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പരിമിതി മറികടക്കാനും മികച്ചത് ഏഴിമല റെയിൽവേ സ്റ്റേഷനാണ്.
ആവശ്യങ്ങൾ കേൾക്കും മുമ്പെ
മംഗലാപുരം -തിരുവനന്തപുരം മലബാർ എക്‌സ്പ്രസിനും കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിനും ഇവിടെ വർഷങ്ങളായി സ്റ്റോപ്പുള്ളതിനാൽ ധാരാളം യാത്രക്കാരിവിടെയെത്താറുണ്ട്. പരശുറാം എക്സ്‌പ്രസ്, എഗ്മോർ, ഏറനാട്, കണ്ണൂർ -മംഗലാപുരം മെമു എന്നിവക്കും സ്റ്റോപ് അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇതൊന്നും പരിഗണിക്കാതെ റെയിൽവേ സ്റ്റേഷനെ തരം താഴ്ത്തി കൊണ്ട് ഹാൾട്ട് സ്റ്റേഷനാക്കുന്നത് .
ഏഴിമല റെയിൽവേ സ്റ്റേഷനെ ഹാൾട്ട് സ്റ്റേഷനാക്കി തരം താഴ്തി ടിക്കറ്റ് വിതരണം സ്വകാര്യ വ്യക്തിയെ ഏല്പിച്ച നടപടി അടിയന്തരമായും പിൻവലിക്കണം. ഈ നടപടി പിൻവലിച്ച് പഴയ സ്ഥിതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തും.
സി.പി.എം കുഞ്ഞിമംഗലം ലോക്കൽ കമ്മിറ്റി