കാഞ്ഞങ്ങാട്: വിഷു, പെരുന്നാൾ, ഈസ്റ്റർ ഉത്സവ സീസൺ പരിഗണിച്ച് നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കും. ലൈസൻസ് ഉള്ള വഴിയോര കച്ചവടക്കാർ ഒഴികെ മറ്റു വഴിയോര കച്ചവടക്കാർക്ക് പഴയ കൈലാസ് ജംഗ്ഷൻ മുതൽ വ്യാപാരഭവൻ വരെയുള്ള സ്ഥലങ്ങളിൽ കച്ചവടത്തിന് സൗകര്യം ഏർപ്പെടുത്തി.
ഗതാഗത തിരക്ക് പരിഹരിക്കാൻ കോട്ടച്ചേരി അപ്‌സര ലോഡ്ജിന് പിറകുവശം, അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കും. അലാമിപ്പള്ളി ബസ് സ്റ്റാൻഡ് മുതൽ കോട്ടച്ചേരി ടൗണിലേക്ക് നിശ്ചിത ഇടവേളകളിൽ പ്രത്യേക ട്രാൻസ്‌പോർട്ട് ബസ് സൗകര്യം ഏർപ്പെടുത്തി.
കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ നിലവിലുള്ള സിഗ്‌നൽ സംവിധാനം നിർത്തിവച്ചു. മാവുങ്കാൽ ഭാഗത്തേക്കുള്ള ട്രാഫിക് സർക്കിൾ പൂർണ്ണമായും അടച്ചിടാനും മാവുങ്കാൽ ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങൾ നോർത്ത് കോട്ടച്ചേരി ഇക്ബാൽ ജംഗ്ഷൻ വരെ യാത്ര ചെയ്ത് തിരിഞ്ഞ് പി.ഡബ്ല്യു.ഡി റോഡിലൂടെ മാവുങ്കാൽ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
നിലവിൽ മാവുങ്കാൽ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പൂർണ്ണമായും നിരോധിച്ചു. മാവുങ്കാൽ റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും നോർത്ത് കോട്ടച്ചേരി ഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങൾ സ്മൃതിമണ്ഡപം വരെ യാത്ര ചെയ്ത് നഗരത്തിൽ പ്രവേശിക്കാം. പുതിയ കോട്ട ഭാഗത്തേക്ക് പോകേണ്ടുന്ന ചെറുവാഹനങ്ങൾ കുന്നുമ്മൽ ഗ്രോട്ടക് ശ്രീകൃഷ്ണ മന്ദിർ റോഡ് വഴി പുതിയ കോട്ടയിലേക്ക് പ്രവേശിക്കേണ്ടതാണ്. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൻ കെ.വി സുജാത, ഡിവൈ.എസ്.പി ഡോ: വി. ബാലകൃഷ്ണൻ, എം.വി.ഐ വി. രമേശൻ, ആർ. ശ്രീകല, എസ്.കെ. അംബിക, ട്രാഫിക് എസ്.ഐ ആനന്ദകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
പഴയ കൈലാസ് തീയേറ്ററിനു സമീപത്തായി യൂ ടേൺ
സർവീസ് റോഡിലുള്ള അനധികൃത പാർക്കിംഗ് /അനധികൃത യാത്ര എന്നിവ പൂർണ്ണമായും നിരോധിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിൾ പൂർണമായും അടച്ചിടുമ്പോൾ ഉണ്ടാവുന്ന ഗതാഗതപ്രശ്‌നം പരിഹരിക്കാൻ പി.ഡബ്ല്യു.ഡി റോഡിൽ പഴയ കൈലാസ് തീയേറ്ററിനു സമീപത്തായി യൂ ടേൺ നിർമ്മിക്കാൻ പി.ഡബ്ല്യു.ഡി വിഭാഗത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
നഗരത്തിൽ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി പാർക്കിംഗ്, നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കും.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് ഗതാഗതം പൂർണ്ണമായും മാറുമ്പോൾ ഉണ്ടാവുന്ന സമയക്രമം, ഫെയർസ്റ്റേജ് പ്രശ്‌നങ്ങൾ ജില്ലാ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനത്തിനായി കൈമാറും.