ധർമ്മടം: എല്ലാ കുട്ടികൾക്കും മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കി കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലയാട് ഡയറ്റ് കെട്ടിടത്തിന്റേയും ധർമ്മടം മണ്ഡലത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ഒമ്പത് പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയതു പോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയേയും ശക്തിപ്പെടുത്തും. അതിന് പശ്ചാത്തല സംവിധാനങ്ങൾ മാറണം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലെത്തി പഠിക്കണം എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഉജ്ജ്വല ബാല്യം അവാർഡ് നേടിയ കാടാച്ചിറ ജി.എച്ച്.എസിലെ വിദ്യാർത്ഥി അദ്വൈത് എസ് പവിത്രന്റെ കവിതാ സമാഹാരം മുഖ്യമന്ത്രിക്ക് കൈമാറി. കണ്ണൂർ സൗത്ത് ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമ്മിച്ച സംഗീത ആൽബം 'വർണശലഭങ്ങൾ' മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പാലയാട് ഡയറ്റ് ലാബ് സ്‌കൂളിലെ ഏഴാംതരം വിദ്യാർത്ഥി പി ഋതിക വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.
ഡോ. വി ശിവദാസൻ എം.പി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി അനിത, പി.കെ പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ രവി, ടി. സജിത, ഗീത, കെ.കെ രാജീവൻ, എ.വി ഷീബ, പ്രേമവല്ലി, കെ. ദാമോദരൻ പങ്കെടുത്തു.