
കാസർകോട്: കാസർകോട്ട് 19 കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ യുവാവിനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നഗരപരിധിയിലെ 19 കാരനെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച വീട്ടുകാർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ യുവാവിനെ രാത്രിയോടെ വിട്ടയച്ചു. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെയാണ് സംഘം യുവാവിനെ മോചിപ്പിച്ചത്.
19കാരൻ ഇന്നലെ രാവിലെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 19കാരന്റെ ഗൾഫിലുള്ള ജ്യേഷ്ഠനുമായി സംഘത്തിന് സ്വർണ ഇടപാടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് 19 കാരനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.