കണ്ണൂർ: കൊവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭ മേഖലയിൽ കൂടുതൽ സജീവമാവുന്നതായി നോർക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്. പ്രവാസി ഭദ്രത പേൾ, പ്രവാസി ഭദ്രത മൈക്രോ, പ്രവാസി ഭദ്രത മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭ വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൻ കീഴിൽ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രവാസി ഭദ്രത പേൾ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങൾക്കായി രണ്ടുലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന ഈ പദ്ധതിയിൽ 3081 വായ്പകൾ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴിൽ വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി വഴി 1927 വായ്പകൾ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമാണ് നൽകിയത്. 90.41 കോടി രൂപ വായ്പ ഇനത്തിൽ നൽകി. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നോർക്ക നൽകുന്നു.
പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റ് നാഷണലൈസ്ഡ് ബാങ്കുകൾ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി നടപ്പു സാമ്പത്തിക വർഷം ഈ വായ്പാ വിതരണം വിപുലമാക്കും.
2 കോടി വരെ വായ്പ
രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത മെഗാ വഴി രണ്ടു വായ്പകളാണ് ഇക്കാലയളവിൽ അനുവദിച്ചത്. 1.98 കോടി രൂപ ലഭ്യമാക്കി. കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതൽ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്. ഇതിൽ 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ നോർക്ക റൂട്ട്‌സ് സബ്‌സിഡി അനുവദിച്ചുകൊണ്ടാണ് പ്രവാസി ഭദ്രത മെഗാ വായ്പ അനുവദിക്കുന്നത്.
വിശദാംശങ്ങൾക്ക് ബന്ധപ്പെടാം
വനിതാ വികസന കോർപ്പറേഷൻ ഫോൺ 0471 2454585, 2454570, 9496015016
നോർക്ക റൂട്ട്‌സ് തിരുവനന്തപുരം ഹെഡ്ഓഫീസ് ഫോൺ 0471 2770511
ടോൾ ഫ്രീ നമ്പർ 18004253939
വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനം നമ്പർ 0091 880 20 12345.