മാഹി: വർഷങ്ങളായി മാഹി ഗവ: ജനറൽ ആശുപത്രിയിലെ ബ്ലഡ് ബേങ്ക് അടഞ്ഞുകിടപ്പാണ്. അതുകൊണ്ടു തന്നെ ഉത്തര മലബാറിലെ പേരുകേട്ട ഈ ആശുപത്രിയിലെ പ്രസവ വാർഡിന്റെ പ്രവർത്തനവും ഇപ്പോൾ നിശ്ചലമായി. നിർണായക പ്രസവ കേസുകളിൽ തലശേരിയിൽ പോയി വേണം രക്തം കൊണ്ടുവരാൻ. റിസ്‌ക് എടുക്കാൻ ധൈര്യമില്ലാതെ ഗർഭിണികളുമായി എത്തുന്ന ബന്ധുക്കൾ മാഹി സർക്കാർ ആശുപത്രിയെ കൈയൊഴിയുകയാണ്.
ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മനസ്സിൽ ആധിയുമായി ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടേണ്ട അവസ്ഥയായിട്ട് കുറേയായെങ്കിലും അധികൃതരാവട്ടെ ഇക്കാര്യം കണ്ടഭാവം നടിക്കുന്നില്ല. അത്യാധുനീക സൗകര്യങ്ങളോടെയുള്ള തീയേറ്ററും വിദഗ്ദ്ധനായ ഗൈനക്കോളജിസ്റ്റും നിലവിലുണ്ട്. കൊവിഡ് കാലത്തിന് മുമ്പുതന്നെ ബ്ലഡ് ബേങ്ക് നിശ്ചലമായിരുന്നുവെങ്കിലും, ഇപ്പോൾ ഒരു ഡോക്ടറും, രണ്ട് സ്റ്റാഫ് നഴ്‌സും ഒരു നഴ്‌സിംഗ് ഓർഡലിയും, ഒരു സാനിറ്ററി വർക്കറും ഇവിടെയുണ്ട്.
മാഹി ആശുപത്രിയിൽ പേരിന് എല്ലാമുണ്ട്. ഫലത്തിൽ ഒന്നുമില്ലാത്തത് പോലെയാണെന്ന് മാത്രം. ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയ മലബാറിലെ തന്നെ ആദ്യ സർക്കാർ ആശുപത്രി യാണിത്. എന്നാൽ ഈ സംവിധാനം പ്രവർത്തനരഹിതമായിട്ട് വർഷങ്ങളേറെയായി. സി.ടി.സ്‌കാനിംഗും നിശ്ചലമായിട്ട് വർഷങ്ങളായി.
എക്സ് റേ എടുക്കാം..
റിപ്പോർട്ട് കിട്ടില്ല
അത്യാധുനിക എക്‌സ് റേ സംവിധാനം ആശുപത്രിയിലുണ്ട്. എന്നാൽ നെറ്റ് വർക്ക് സൗകര്യമില്ലാത്തതിനാൽ പ്രിന്റ് കിട്ടുകയില്ലെന്നതാണ് സ്ഥിതി. ആറ് നില ട്രോമ കെയർ കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലത്തോളമായി. സർക്കാരിന്റെ സാമ്പത്തിക പ്രയാസം മൂലം മുക്കാൽ ഭാഗം പൂർത്തിയായ കെട്ടിടത്തിന്റെ പണി നിലച്ചിട്ട് ഒരു വർഷമായി.
അവഗണനയുടേയും അനാസ്ഥയുടേയും കേളീരംഗമായി മാറിയ മാഹി ആരോഗ്യ വകുപ്പിന് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ, സാധാരണക്കാരായ രോഗികൾക്ക് ഈ സർക്കാർ ആതുരാലയം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.
ഇ.കെ. റഫീഖ്
ജനറൽ സെക്രട്ടറി,
ജനശബ്ദം മാഹി