nakhashathra
ഏച്ചിലാംവയലിലെ പ്ളാനറ്റേറിയത്തിൽ നക്ഷത്ര

കണ്ണൂർ: നക്ഷത്രങ്ങളെക്കുറിച്ച് ചോദിച്ചാൽ നക്ഷത്രമെണ്ണില്ല പത്തുവയസുകാരി നക്ഷത്ര. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രത്തിന് ഭൂമിയിൽ നിന്നുള്ള അകലം, ഓരോ നക്ഷത്രവും ഭൂമിയുമായുള്ള പ്രകാശവർഷ ദൂരം. വാനോളം ചോദ്യമുയർന്നാലും മാനംനോക്കി നിൽക്കാതെ ഉടൻ ഉത്തരം. രാജ്യത്ത് ആദ്യമായി ജനകീയ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ഗംഗാധരൻ വെള്ളൂരിന്റെ ക്ളാസുകളിൽ നിന്നാണ് പ്രപഞ്ച വിസ്മയങ്ങൾ അറിഞ്ഞുതുടങ്ങിയത്. അതോടെ കൗതുകമേറി. ദിവസവും അഞ്ചും ആറും മണിക്കൂർ പഠനം. ആകാശ വിസ്മയങ്ങൾ കൈവെള്ളയിലായി.

അടുത്തകാലത്ത് തുടങ്ങിയ പയ്യന്നൂർ ഏച്ചിലാംവയലിൽ പ്രൊഫ. ടി.പി. ശ്രീധരൻ മാസ്റ്റർ സ്മാരക മോഡൽ പ്ലാനറ്റേറിയത്തിലെ മുഖ്യ അവതാരക കൂടിയാണ് കണ്ണൂർ വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഈ അഞ്ചാം ക്ളാസുകാരി. സൗരയൂഥ കാഴ്ചകൾ ഉൾപ്പെടെ 40 മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനത്തിൽ അതേക്കുറിച്ചെല്ലാം വിശദീകരിക്കും. രാശിചക്രം, ജന്മ നക്ഷത്രങ്ങൾ തുടങ്ങി ജ്യോതിശാസ്ത്രത്തിലെ സംശയങ്ങൾക്കും ഉത്തരം നൽകി വാനനിരീക്ഷണ രംഗത്ത് രാജ്യത്തെ പ്രായം കുറഞ്ഞ പ്രതിഭയായി മാറുകയാണ് നക്ഷത്ര. ഏച്ചിലാംവയലിലെ ബിസിനസുകാരനായ ടി.വി. പ്രമോദിന്റെയും പി. നിഷയുടെയും മകളാണ്. പ്ളസ് വൺ വിദ്യാർത്ഥി അഭിനവ് സഹോദരൻ.

മോൾക്ക് നക്ഷത്ര എന്ന പേരിടുമ്പോഴൊന്നും ഇതേക്കുറിച്ച് ആലോചിച്ചിരുന്നില്ല. ബഹിരാകാശ വിസ്മയങ്ങൾ അറിയാനാണ് അവൾക്കിഷ്ടം. ശാസ്ത്രകാരന്മാരും അദ്ധ്യാപകരുമൊക്കെ സഹായത്തിനുണ്ട്-

ടി.വി. പ്രമോദ്, പിതാവ്