കാസർകോട്: ജില്ലയിൽ വിഷു ആഘോഷത്തിനിടെ വൈദ്യുതിമുടക്കം ജനങ്ങളെയാകെ വലച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതിബന്ധങ്ങൾ പൊതുവെ അലങ്കോലമായി കിടക്കുകയാണ്. വിഷുവിന് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ പല ഭാഗത്തും വൈദ്യുതിയേ ഉണ്ടായിരുന്നില്ല.
ഇതാകട്ടെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലൂടെയും ജലവിതരണപദ്ധതികളിലൂടെയും എത്തിയിരുന്ന വെള്ളം മുടങ്ങാൻ ഇടവരുത്തി. 12നും 13നും രാത്രിയുണ്ടായ അതിശക്തമായ കാറ്റിൽ നിരവധി ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. വൈദ്യുതികമ്പികളും വ്യാപകമായി പൊട്ടിവീണിരുന്നു. ഇവയൊക്കെ നന്നാക്കാൻ ഏറേ സമയമെടുത്തതിനാൽ 14ന് രാത്രി 10 മണിയോടെയാണ് വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിക്കാൻ കഴിഞ്ഞത്. എന്നാൽ ഇന്നലെ രാവിലെ മുതൽ രാത്രി വരെയും വൈദ്യുതിവിതരണം തടസപ്പെട്ടുകൊണ്ടേയിരുന്നു. 10 മിനുട്ടിന്റെ ഇടവേളകളിൽ വൈദ്യുതി തടസം സംഭവിക്കുകയായിരുന്നു. ചിലയിടങ്ങളിൽ പൊട്ടിവീണ വൈദ്യുതികമ്പികൾ പുനസ്ഥാപിക്കാത്തതിനാൽ മൂന്നുദിവസത്തിലേറെയായി വൈദ്യുതിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
നിരവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചിട്ടും ബന്ധപ്പെട്ടവർ എത്താത്തതിനാൽ പൊട്ടിയ കമ്പികൾ അതേ പോലെ വീണുകിടക്കുന്നുണ്ട്. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ തുടങ്ങി ജില്ലയിലെ പ്രധാനനഗരങ്ങളിലും അതിർത്തിപ്രദേശങ്ങളിലും മലയോര തീരദേശമേഖലകളിലുമെല്ലാം വൈദ്യുതിപ്രതിസന്ധി മൂലം ജനങ്ങൾ കടുത്ത ദുരിതത്തിൽ കഴിയുന്നു.