കാഞ്ഞങ്ങാട്: നഗരത്തിൽ കെ.എസ്.ടി.പി റോഡിലെ കത്താത്ത തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കുന്നതിന് കരാറായതായി നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത അറിയിച്ചു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഷബീർ ആൻഡ് കമ്പനി എന്ന സ്ഥാപനം നൽകിയ താൽപ്പര്യപത്രത്തിന് അംഗീകാരം നൽകുകയും തുടർന്ന് വിളക്കുകൾ സ്ഥാപിക്കുന്നതിന് ഷബീർ കമ്പനി കരാറിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.
നഗരത്തിലെ സർവീസ് റോഡിന്റെ ഇരുഭാഗങ്ങളിലും 80 പ്രധാന സ്ഥലങ്ങളിൽ ഏപ്രിൽ 30 ഓടെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കും. മേയ്ദിനം പ്രകാശപൂരിതമാകും. കെ.എസ്.ടി.പി അധികൃതരുമായി നേരത്തെ നടത്തിയ ചർച്ചയിൽ തെരുവ് വിളക്കുകളുടെ പരിപാലന ചുമതല നഗരസഭയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കെ.എസ്.ടി.പി റോഡുകളുടെ പരിപാലന ചുമതല പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന് കൈമാറിയെങ്കിലും തെരുവു വിളക്കുകളുടെ പരിപാലനം കെ.എസ്.ടി.പി യിൽ തന്നെ നിലനിർത്തുകയായിരുന്നു. നിലവിൽ പ്രകാശിക്കാത്ത തെരുവ് വിളക്ക് അനർട്ട് മുഖേന നന്നാക്കുന്നതിന് കരാർ വെക്കുകയും നിലവിലെ സർവീസ് റോഡിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുവാൻ നഗരസഭക്ക് അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തെരുവുവിളക്കുകൾ സ്ഥാപിക്കാൻ താൽപര്യപത്രം ക്ഷണിച്ചത്.
അതേസമയം നഗരത്തിലെ കെ.എസ്.ടി.പി റോഡിൽ ഉള്ള തെരുവ് വിളക്ക് കത്തിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ വൈകുന്നേരം ആറു മണിക്ക് പന്തം കൊളുത്തി പ്രതിഷേധജ്വാല നടത്തുമെന്ന് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരോ തെരുവ് വിളക്കിനരികിലും ഒരാൾ വീതം നിന്ന് കൊണ്ടുള്ള പന്തം കൊളുത്തി പ്രതിഷേധ ജ്വാലയാണ് നടത്തുക. അഞ്ഞൂറോളം പേർ പരിപാടിയിൽ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സി. യൂസഫ് ഹാജി, ജന. സെക്രട്ടറി കെ.വി ലക്ഷ്മണൻ, ട്രഷറർ ബി ഗിരീഷ് കുമാർ, എ ഹമീദ് ഹാജി, ബി രാജേന്ദ്ര ഷേണായ്, ഐശ്വര്യ കുമാരൻ, മുഹമ്മദ് ത്വായിബ്, പി.വി രാജേന്ദ്രൻ, നാസർ അജ്വ, സത്താർ കാഞ്ഞങ്ങാട് എന്നിവർ സംബന്ധിച്ചു.