തലശേരി: പ്രധാനമന്ത്രി സദക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കപ്പെട്ട ആണ്ടിപീടിക അരയാക്കൂൽ -മൊകേരി- പന്ന്യന്നൂർ റോഡ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു ഗതാഗത യോഗ്യമല്ലാത്തതിന്നാൽ പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ബി.ഡി.ജെ.എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇ. മനീഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം കൈമാറിയിട്ടുണ്ട്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയുന്നതിനു വേണ്ടി വിവരാവകാശ അപേക്ഷ നൽകി. പ്രധാനമന്ത്രി സദക് യോജന പദ്ധതിയിൽ അനുവദിക്കപ്പെട്ട 5.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരുന്നു. മൂന്ന് വർഷം മുമ്പ് തദ്ദേശ സ്ഥാപന പദ്ധതി പ്രകാരം നിർമ്മിച്ച റോഡാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി ഗതാഗത ഗതാഗത യോഗ്യമല്ലാതാക്കിയത്. പ്രധാനമന്ത്രി സദക് യോജന പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കരാറുകാരനും ഉദ്യോഗസ്ഥരും കൃത്രിമമായി കാലതാമസം വരുത്തിചെലവ് വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും പ്രധാനമന്ത്രി അടിയന്തരമായി ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കാൻ ആവശ്യമായ നിർദ്ദേശം കേരള സർക്കാരിന് നൽകണമെന്നായിരുന്നു ആവശ്യം.