axivishu
പയ്യാവൂരില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ

കണ്ണൂർ: വിഷു ദിവസവും പിറ്റേന്നുമുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം. ജില്ലയെ ആശങ്കയിലാക്കുന്നതായി ആഘോഷ വേളകളിലെ ഈ റോഡപകടങ്ങൾ. വിഷു -ഈസ്റ്റർ ആഘോഷവേളകളിൽ പൊലീസ് റോഡരികിൽ കനത്ത കാവലേർപ്പെടുത്തിയിരുന്നുവെങ്കിലും വാഹനങ്ങളുടെ മരണപ്പാച്ചിലിന് മാത്രം കുറവുണ്ടായില്ല. വിഷു തലേന്ന് അർദ്ധരാത്രിയാണ് ആംബുലൻസിടിച്ച് ചെറുകുന്ന് പള്ളിച്ചാലിൽ പ്രവാസിയായ മനോജ് മരിച്ചത്. പഴയങ്ങാടി ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസ് കാറിലിടിക്കുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന മനോജ് അടുത്തകാലത്താണ് നാട്ടിലെത്തിയത്.

ഇതിനു പിന്നാലെ ഇന്നലെ ഉച്ചയോടെ പയ്യാവൂർ ചുണ്ടപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോയാത്രക്കാരായ രണ്ടുപേർ ദാരുണമായി മരിച്ചു. മുണ്ടാനൂർ സ്വദേശിയായ ഓട്ടോഡ്രൈവർ തങ്കച്ചൻ, താനോലി നാരായണൻ എന്നിവാരണാണ് മരിച്ചത്. ഇവരുടെ കൂടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായി തകർന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

തടയേണ്ടവർ കാഴ്ചക്കാർ
റോഡിൽ ചോരയൊഴുകുന്നത് പതിവാകുമ്പോഴും പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കാഴ്ചക്കാരാകാനേ കഴിയുന്നുള്ളൂ. കഴിഞ്ഞ മാസമാണ് പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിൽ കാർ അപകടത്തിൽ കണ്ണൂർ നഗരത്തിലെ പുലരി ഹോട്ടൽ ഉടമയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടായി. പരിക്കേറ്രവരിൽ പലരുടെയും ചികിത്സ തുടരുകയാണ്.

കെ.എസ്.ടി.പി റോഡിൽ നിരീക്ഷണ കാമറകളുംസിഗ്‌നൽ ലൈറ്റും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതൊന്നും നടപ്പായില്ല. രാത്രി യാത്രക്കാർക്ക് വിശ്രമിക്കാനും ചായകുടിച്ച് ഉറക്കം കളഞ്ഞ് ഉൻമേഷം വീണ്ടെടുക്കാനും പഴയങ്ങാടി ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം തുടങ്ങിയിരുന്നുവെങ്കിലും ഏറേനാൾ മുൻപോട്ടുപോയില്ല.