കാഞ്ഞങ്ങാട്: രണ്ടര വർഷം മുൻപ് അടച്ചിട്ട ജില്ലാ ആശുപത്രിയിലെ നേത്ര ശസ്ത്രക്രിയാ വിഭാഗം ഇനിയും തുറന്നില്ല. ലേബർ വാർഡ് അറ്റകുറ്റപ്പണിയുടെ പേരിലാണ് നേത്ര ശസ്ത്രക്രിയ ഒഴിവാക്കി ലേബർ വാർഡ് ഇവിടേക്ക് മാറ്റിയത്. മൂന്ന് മാസം മുൻപ് ലേബർ വാർഡ് പഴയ സ്ഥലത്തേക്ക് മാറ്റി. പക്ഷേ, നേത്ര ശസ്ത്രക്രിയ തുടങ്ങാൻ വൈകുകയാണ്.
നിലവിൽ രോഗികൾ ആരോഗ്യ ഇൻഷ്വറൻസിൽപെടുത്തി ശസ്ത്രക്രിയ പുറത്ത് നിന്നാണ് ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് കൊയ്ത്തായി. കൾച്ചറൽ വാഷിന് കൊടുത്തപ്പോൾ ചെറീയ അണുബാധ കണ്ടതാണ് പ്രവർത്തനത്തെ ബാധിച്ചതെന്നും അധികം വൈകാതെ പ്രവർത്തനം തുടങ്ങാനാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
തെക്കിൽ ടാറ്റ ആശുപത്രിയിലെ ജീവനക്കാരെ ഇവിടേക്ക് പുനർ വിന്യസിച്ചതോടെ ജീവനക്കാരുടെ ക്ഷാമം കുറഞ്ഞിട്ടുണ്ട്. നേരത്തെ ആഴ്ചയിൽ മൂന്ന് ദിവസമാണ് നേത്ര ശസത്രക്രിയ പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം 8 രോഗികൾക്ക് വരെ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പേ വാർഡും ഇതുവരെ തുറക്കാനായിട്ടില്ല.
നവീകരണ പ്രവൃത്തി തകൃതി
ഇതിനിടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ആശുപത്രിയിൽ 30 ലക്ഷത്തിന്റെ മിനുക്ക് പണി നടക്കുന്നുണ്ട്. ലക്ഷ്യ പദ്ധതിയിൽ ഗൈനക്കോളജി വിഭാഗം കെട്ടിടം പണിയും പുരോഗമിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം തുടങ്ങിയ എല്ലാ സൗകര്യവും ഉണ്ടാകും. കണ്ണ് ശസ്ത്രക്രിയ ആവശ്യമുള്ളവർ അയൽ ജില്ലകളിലെ കണ്ണാശുപത്രികളെ സമീപിക്കുകയാണ്. തിമിര രോഗത്തിനു വരെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്.