fruits

കണ്ണൂർ: റംസാൻ വ്രതം അവസാന നാളുകളിലേക്ക് കടന്നതോടെ സ്വദേശിയും വിദേശിയുമായ പഴവർഗങ്ങളെ കൊണ്ടുള്ള മേളമാണ് വിപണിയിൽ. അമേരിക്കയിൽനിന്നും ന്യൂസിലൻഡിൽ നിന്നുമുള്ള ആപ്പിൾ വിപണിയിലുണ്ട്. കൂടാതെ ഇറാനിൽ നിന്നും ഓസ്‌ട്രേലിയയിൽനിന്നും എത്തിയ പഴവർഗ്ഗങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ആപ്പിളിന് ഇവിടെ കിലോയ്ക്ക് 200 രൂപയാണ്. ന്യൂസിലൻഡിൽ നിന്നുള്ള ഗാല ആപ്പിളിന് 260 രൂപ വിലയുണ്ട്. ഓസ്‌ട്രേലിയൻ ആപ്പിളിനാണെങ്കിൽ 240 രൂപയാണ് ഈടാക്കുന്നത്. എന്നാൽ റംസാൻ പഴവർഗ വിപണിയിൽ താരം മാമ്പഴം തന്നെയാണ്.

കാർബേഡ് ഉപയോഗിക്കാതെ പഴുപ്പിച്ച കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു. മധുരവും നല്ല സ്വാദുമുള്ള നാടൻ കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് കിലോയ്ക്ക് 100 രൂപയാണ് വില. അൽഫോൻസാ മാങ്ങയ്ക്ക് 106 രൂപ വിലയുണ്ട്. മൂവാണ്ടൻ മാങ്ങയാണെങ്കിൽ കിലോയ്ക്ക് 160 രൂപ നൽകണം. ആന്ധ്രയിൽനിന്നുള്ള വലിയ മാങ്ങയായ വെങ്കനപള്ളിക്കും 160 രൂപയാണ് വില. ചൂടുകാലമായതിനാൽ വത്തക്കയ്ക്ക് നല്ല ഡിമാൻഡുണ്ട്. വത്തക്ക കിലോയ്ക്ക് 30 രൂപയായി ഉയർന്നിട്ടുണ്ട്. കിരൺ വത്തക്കയാണെങ്കിൽ കിലോയ്ക്ക് 25 രൂപയ്ക്ക് ലഭിക്കും.

റംസാൻ കാലത്ത് മുന്തിരി സീസൺ തുടങ്ങിയത് ആവശ്യക്കാർക്ക് അനുഗ്രഹമായിട്ടുണ്ട്. കുരുവില്ലാത്ത കറുപ്പ് മുന്തിരിക്ക് 160 രൂപ വിലയുണ്ട്. പച്ചമുന്തിരിക്ക് 100 രൂപയാണ് ഈടാക്കുന്നത്. ഇവ ബംഗളൂരുവിൽ നിന്നാണ് എത്തുന്നത്. എന്നൽ ഓറഞ്ച് സീസൺ കഴിഞ്ഞതിനാൽ കനത്തവിലയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കുന്നത്. കിലോയ്ക്ക് 100 രൂപയാണ് ഓറഞ്ചിന് വില. സിട്രസിന് 140 രൂപ വിലയുണ്ട്. പൈനാപ്പിൾ 70/80,​ സപ്പോട്ട 50,​ പപ്പായ 50,​ സ്‌ട്രോബറി 60 ,​കിവി 100 എന്നിങ്ങനെയാണ് മറ്റുള്ളവയ്ക്കുള്ള വില.
യു.എസ്.എയിൽ നിന്നെത്തുന്ന ഫോറിൻ മുന്തിരിക്ക് കിലോയ്ക്ക് 600 രൂപ വിലയുണ്ട്. ലിച്ചി,​ ബട്ടർഫ്രൂട്ട് എന്നിവയ്ക്ക് കിലോയ്ക്ക് 300 രൂപ ഈടാക്കുന്നുണ്ട്.

ചുട്ടു പൊള്ളുന്ന വേനൽക്കാലത്ത് എത്തിയ റംസാനിൽ ദാഹവും ഉഷ്ണവും ശമിപ്പിക്കുന്ന പഴവർഗങ്ങൾക്ക് തന്നെയാണ് പ്രിയം കൂടുതൽ.

മറ്റു സാധനങ്ങൾക്കുള്ള വിലക്കയറ്റം റംസാൻ കാലത്ത് പഴവർഗ്ഗങ്ങൾക്കുണ്ടായിട്ടില്ല.

എം. ഷാജി,​ പഴവ്യാപാരി,​ കണ്ണൂർ

വിലനിലവാരം ഒറ്റനോട്ടത്തിൽ

ഇറാനിയൻ ആപ്പിൾ 200

ന്യൂസിലൻഡ് ആപ്പിൾ 260

ഓസ്ട്രേലിയൻ ആപ്പിൾ 240

കുറ്റ്യാട്ടൂർ മാങ്ങ 100

അൽഫോൻസ 106

മൂവാണ്ടൻ 160

വെങ്ങനപ്പള്ളി 160