നീലേശ്വരം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തൈക്കടപ്പുറം അഴിത്തലയിൽ വർഷം തോറും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ എന്നും അവഗണന. മുമ്പ് പടന്ന പഞ്ചായത്തിൽ ഉൾപ്പെട്ട അഴിത്തല ഇപ്പോൾ നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. നഗരസഭയിൽ ഉൾപ്പെടുത്തിയിട്ട് വർഷം 10 കഴിഞ്ഞെങ്കിലും നഗരസഭയും അഴിത്തലക്ക് കാര്യമായ പരിഗണന നൽകിയില്ല.
വിശേഷ ദിവസങ്ങളിലും അല്ലാതെയും അഴിത്തലയിൽ വൈകുന്നേരങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണിവിടെ. കഴിഞ്ഞ വിഷു ദിനത്തിൽ സഞ്ചാരികളെ ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയാണുണ്ടായത്.
കാസർകോട് പാക്കേജിൽ കഴിഞ്ഞ വർഷം അഴിത്തലയുടെ വികസനത്തിന് 5 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും പിന്നീട് തുടർ നടപടി കൈകൊണ്ടിട്ടില്ല. ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെങ്കിലും അത് കടലാസിൽ മാത്രം ഒതുങ്ങുകയാണ്.
ഇരിപ്പിടങ്ങൾ പോലുമില്ല
നഗരസഭ കഴിഞ്ഞ ബഡ്ജറ്റിൽ അഴിത്തലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. ഇപ്പോൾ അഴിത്തലയിൽ വൈകുന്നേരങ്ങളിൽ എത്തുന്നവർക്ക് ഇരിക്കാൻ പാർപ്പിടങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ല. അഴിത്തലക്ക് പ്രത്യേക പരിഗണന നൽകി ടൂറിസം മേഖല വിപുലപ്പെടുത്തണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.