tenga

കണ്ണൂർ: പോയ വർഷം കിലോക്ക് 45 രൂപയുണ്ടായിരുന്ന തേങ്ങാവില ഇപ്പോൾ 29 രൂപയിൽ.35 ശതമാനത്തോളം വിലയിടിഞ്ഞതോടെ നാളികേരകർഷകരുടെ ജീവിതത്തിന്റെ ഗ്രാഫ് ദിനംപ്രതി താഴേക്ക് പോകുകയാണ്.കാര്യമായി വിളവ് ലഭിക്കേണ്ടുന്ന ജനുവരിയിലും ഫെബ്രുവരിയിലും വില കൂപ്പുകുത്തുകയായിരുന്നു.കഴിഞ്ഞ മാസം മാത്രമാണ് നേരിയ ഒരു വർദ്ധനവുണ്ടായത്.

അതേ സമയം ഉത്പ്പാദന ചിലവിൽ ഗണ്യമായ വർദ്ധനവാണ് കാണുന്നത്. തടം തുറക്കാൻ തെങ്ങൊന്നിന് നൂറു രൂപ നൽകണം.തേങ്ങയിടാൻ അൻപതു മുതൽ അറുപതു രൂപ വരെ നൽകണം. തേങ്ങ പൊതിച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതിനും വേണം നല്ലൊരു തുക.വളത്തിന്റെ വില ഉയർന്നതും പ്രതിസന്ധിക്കിടയാക്കി.

കേരഫെഡ് വഴി തേങ്ങ സംഭരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും കടുത്ത നിബന്ധനകൾ വലക്കുകയാണെന്ന് കർഷകർ പറയുന്നു. പൊതുവിപണിയിലെ അതേ വിലയ്ക്കാണ് കേരഫെഡ് തേങ്ങയെടുക്കുന്നത്. മാത്രമല്ല ചെറിയ പൊട്ടലുകളുണ്ടെങ്കിൽ തേങ്ങ എടുക്കുകയുമില്ല. വിളഞ്ഞില്ലെന്ന് കാണിച്ച് പകുതി തേങ്ങ മാറ്റിയിടുന്നതാണ് കേരഫെഡിനെതിരെ കർഷകർ ഉന്നയിക്കുന്ന ആരോപണം.

കൊപ്രവിലയിലും ഇടിവ്
കൊപ്ര വിലയിലും വലിയ തോതിലുള്ള ഇടിവ് വന്നിട്ടുണ്ട് .നേരത്തെ കിലോയ്ക്ക് 10,630 രൂപയായിരുന്ന കൊപ്രയ്ക്ക് നിലവിൽ 8500മുതൽ 8700 രൂപ വരെയാണ് ലഭിക്കുന്നത്.സർക്കാർ സംഭരണം ഉറപ്പു വരുത്തിയാൽ മാത്രമേ നാളികേര കർഷകർക്ക് പിടിച്ച് നിൽക്കാനാവു.സംഭരണം കാര്യക്ഷമമല്ലാത്തതും വില സ്ഥിരതയില്ലാത്തതുമാണ് നാളികേര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റു മതി കുറഞ്ഞതും വില ഇടിയാൻ കാരണമായി.


കൃഷിഭവനിൽ നിന്നും സഹായമില്ല
നാളികേര കർഷകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കേരഫെഡിൽ നിന്നും തേങ്ങയെടുക്കുള്ളു.എന്നാൽ പലയിടങ്ങളിൽ നിന്നും കൃഷി ഭവൻ അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.സർട്ടിഫിക്കറ്റിനായി കരം അടച്ചതിന്റെ രസീതി ആവശ്യമാണ്.തെങ്ങു കർഷകനാണെന്ന് കൃഷി ഓഫീസർ നേരിട്ടെത്തി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം.


കഴിഞ്ഞ നാല് മാസമായി നാളികേരത്തിന്റെ വില കൂപ്പുകുത്തുകയാണ്.എന്നാൽ ഉത്പ്പാദന ചിലവ് വലിയ തോതിൽ വർദ്ധിക്കുന്നുമുണ്ട്.കേരള ഫെഡിന്റെ തേങ്ങ സംഭരണം കാര്യക്ഷമമല്ല.കർഷകരെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം.

ടി.എം.സുരേന്ദ്രൻ ,നാളികേര കർഷകൻ ,മമ്പറം