തലശ്ശേരി: അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി 20ന് രാവിലെ 9 ന് ചുമതലയേൽക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്, മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമ്മികരായിരിക്കും.

അതിരൂപതാ ചാൻസലർ ഡോ. തോമസ് തെങ്ങുംപള്ളിൽ നിയമനപത്രിക വായിക്കും. സീറോമലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ വചന സന്ദേശം നൽകും. പൊതുസമ്മേളനം ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾസ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോ പോൾ ദോ ജിറേല്ലി മുഖ്യാതിഥിയായിരിക്കും.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കരിയിൽ, കെ. സുധാകരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ബൽത്തങ്ങാടി രൂപതാദ്ധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, സിസ്റ്റർ അനില മണ്ണൂർ, സരിഗ കൊന്നക്കൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ സംസാരിക്കും.
ഇതേ ചടങ്ങിൽ വെച്ച് സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടിന് യാത്രയയപ്പും നൽകും. നിരാലംബരും അശരണരുമായ പതിനായിരം പേർക്ക് ഭക്ഷണം നൽകും.
തിരഞ്ഞെടുക്കപ്പെട്ട അയ്യായിരം പേർക്കിരിക്കാവുന്ന സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മോൺ അലക്സ് താരാമംഗലം, കൺവീനർ മോൺ ജോസഫ് ഒറ്റപ്ലാക്കൽ, ചാൻസലർ ഡോ. തോമസ് തെങ്ങുംപള്ളിൽ, മീഡിയ ഡയറക്ടർ ഫാ. ടോം ഓലിക്കരോട്ട്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.