അവാർഡ് ലഭിച്ച കേരളത്തിലെ ഏക പ്രാഥമിക സഹകരണ സംഘം
ചെറുവത്തൂർ: നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ ദേശീയ അവാർഡ് തിമിരി സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. പ്രാഥമിക സഹകരണ സംഘം എന്ന നിലയിൽ സഹകരണ മേഖലയിൽ നടത്തിയിട്ടുള്ള സമഗ്ര സംഭാവനകളാണ് തിമിരി ബാങ്കിനെ ഈ അപൂർവ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.
എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംഘങ്ങളെയാണ് ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കുക. പ്രത്യേകം ജൂറി പരിശോധിച്ചാണ് അവാർഡ് നിശ്ചയിക്കുക. തിമിരി വില്ലേജിലെ മൂന്നര വാർഡുകൾ മാത്രമുള്ള പ്രവർത്തന പരിധിയിൽ നിന്നുകൊണ്ടാണ് മികച്ച പ്രവർത്തനത്തിലൂടെ ജനകീയ അംഗീകാരത്തിന്റെ മേന്മയിൽ തിമിരി ബാങ്ക് ദേശീയശ്രദ്ധയിൽ എത്തുന്നത്. തിമിരി വില്ലേജിലെ ആയിരത്തി എഴുന്നൂറു വീടുകളിലായുള്ള നാലായിരത്തി എഴുന്നൂറ് ഇടപാടുകാരാണ് ബാങ്കിന്റെ വളർച്ചയിലെ മുഖ്യപങ്കാളികൾ. 155 കോടി നിക്ഷേപവും നൂറു കോടിയിൽപരം വായ്പയുമുള്ള കേരളത്തിലെ പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നായി തിമിരി ബാങ്ക് വളർന്നുകഴിഞ്ഞു. ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. ഇതിനും മുമ്പും ജില്ലാ സംസ്ഥാന അവാർഡുകൾ ബാങ്കിന് ലഭിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ഇതാദ്യമാണ്.
ദേശീയ അംഗീകാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തുകൊണ്ട് ബാങ്ക് ഇനിയും മുന്നോട്ട് പോകുമെന്നും ഭരണസമിതി പ്രസിഡന്റ് വി. രാഘവൻ, വൈസ് പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി കെ.വി സുരേഷ് കുമാർ, ഭരണസമിതി അംഗങ്ങളായ ജയറാംപ്രകാശ്, ഇ. ഗോപാലകൃഷ്ണൻ, പി.പി പ്രസീന, കെ. ഉഷ, ജീവനക്കാരുടെ പ്രതിനിധി ടി. ബാബു എന്നിവർ അവാർഡ് വിവരം പ്രഖ്യാപിച്ചു കൊണ്ട് വാർത്താലേഖകരോട് പറഞ്ഞു.
ദേശീയ അവാർഡ് 25 ന് ഏറ്റുവാങ്ങും
ദേശീയ പുരസ്കാരം തിമിരി സഹകരണ ബാങ്ക് ഭരണസമിതിയും ജീവനക്കാരുടെ പ്രതിനിധികളും ചേർന്ന് 25 ന് ഏറ്റുവാങ്ങും. ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാണ് അവാർഡ് സമ്മാനിക്കുക. അവാർഡ് ഏറ്റുവാങ്ങുന്നതിന് പോകാനുള്ള ഒരുക്കങ്ങളും ബാങ്ക് അധികൃതർ ചെയ്തു കഴിഞ്ഞു.
അംഗീകാരത്തിലേക്ക് എത്തിച്ചത്
അംഗത്വ വിതരണത്തിലെ സുതാര്യത, ഓഹരി മൂലധനത്തിൽ ഉണ്ടായിട്ടുള്ള അഭൂതപൂർവ്വമായ വർദ്ധനവ്, നിക്ഷേപ സമാഹരണ കാമ്പയിനുകളിലെ മുന്നേറ്റം, കാർഷിക മേഖലയിലെ സമഗ്ര ഇടപെടൽ, ആരോഗ്യമേഖലയിൽ എം.ഡി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയ പോളിക്ലിനിക്ക്, പാലിയേറ്റീവ് പ്രവർത്തനം, വായ്പാവിതരണത്തിലെ വേഗത, പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമ്പത്തിക സേവനം ഉറപ്പുവരുത്തൽ, മേഖലയിലെ മുഴുവൻ കുടുംബങ്ങളിലും അംഗത്വവും അക്കൗണ്ടും ഉറപ്പുവരുത്തൽ, രാപ്പകൽ ഭേദമില്ലാത്ത ബാങ്കിംഗ് സേവനം, സഹകരണ മേഖലയിലെ ഡിജിറ്റൽവത്കരണം, ജനസേവന കേന്ദ്രം, വിദ്യാഭ്യാസ സഹായം, കൊവിഡ് കാലത്തെ വിപ്ലവകരമായ ഇടപെടൽ, ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കൽ.
തിമിരി സഹകരണ ബാങ്ക് പ്രസിഡന്റ് വി. രാഘവൻ, സെക്രട്ടറി കെ.വി സുരേഷ് കുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ദേശീയ അവാർഡ് വിവരം പ്രഖ്യാപിക്കുന്നു