ഇരിട്ടി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റും വനിതാസംഘവും സംയുക്തമായി സംസ്ഥാനതലത്തിൽ നടത്തുന്ന കലാകായിക മത്സരത്തിനു മുന്നോടിയായി നടത്തുന്ന ഇരിട്ടി താലൂക്ക് തല മത്സരത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

30ന് പടിയൂർ ശ്രീനാരായണ യു.പി സ്കൂളിൽ നടക്കുന്ന മത്സരങ്ങൾ അഡ്വ. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. ശാഖാ തലത്തിലുള്ള മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ദൈവദശകം ആലാപനം,​ പ്രസംഗം,​ വ്യാഖ്യാനം,​ ചിത്രരചന,​ ഉപന്യാസരചന,​ നൃത്താവിഷ്കാരം,​ ക്വിസ് തുടങ്ങിയ കലാമത്സരങ്ങളും ലെമൺ സ്പൂൺ റേസ്,​ കസേരകളി,​ വടംവലി,​ ക്രിക്കറ്റ്,​ കബഡി,​ ബാഡ്മിന്റൺ,​ സൈക്കിൾ റേസ്,​ വോളിബാൾ തുടങ്ങിയ കായിക മത്സരങ്ങളും ഉണ്ടാകും. സബ്ജൂനിയർ,​ ജൂനിയർ,​ സീനിയർ,​ സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരമുണ്ടാകും.

പടിയൂർ യു.പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സോമൻ,​ യൂണിയൻ കൗൺസിലർ എ.എം കൃഷ്ണൻകുട്ടി,​ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.കെ വേലായുധൻ,​ ശാഖ വൈസ് പ്രസിഡന്റ് ശശിധരൻ മുന്നോടിയിൽ,​ സെക്രട്ടറി വി.ബി. പീതാംബരൻ,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജയരാജ് പുതുകുളം,​ സെക്രട്ടറി അനൂപ് പനയ്ക്കൽ,​ പയ്യാവൂർ ശാഖാ സെക്രട്ടറി ബിജുമോൻ,​ കുളിഞ്ഞ ശാഖാ സെക്രട്ടറി രാജു,​ ഇരിക്കൂർ വനിതാസംഘം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിർമല അനിരുദ്ധൻ,​ വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന വിശ്വംഭരൻ,​ എം.പി ദീപ,​ കെ. അജേഷ്,​ ജിൻസ് ഉളിക്കൽ,​ സി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.