
പയ്യന്നൂർ : വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ കഥയ്ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ.പയ്യന്നൂരിൽ .വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഏതെങ്കിലും വിധത്തിൽ കുറച്ച് സാമ്പത്തികം ഉണ്ടായി കഴിഞ്ഞാൽ പണം കൊടുത്താലും വേണ്ടിയില്ല , അവാർഡ് സംഘടിപ്പിക്കുക എന്നത് സിനിമയിൽ മാത്രമല്ല , നിത്യജീവിതത്തിലും പച്ച പരമാർത്ഥമാണ്.ഈ നിലക്കെല്ലാമാണ് കേട്ടുകേൾവി പോലുമില്ലാത്ത ചിലർക്ക് വലിയ പുരസ്കാരങ്ങൾ ലഭിക്കുന്നത്. നമ്മുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യം വെച്ച് നോക്കുമ്പോൾ ഇനിയും ഈ നില തുടരുവാനാണ് സാദ്ധ്യത. ഏതെങ്കിലും ഒരാൾ ഇതിനെതിരെ പ്രതികരിക്കണമല്ലോ. ആ നിലക്കാണ് താൻ അവാർഡ് നിരസിച്ചതെന്നും ടി.പത്മനാഭൻ പറഞ്ഞു.
യുവതലമുറക്ക് പഴയതിനോട് മമതയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. പ്രായമുള്ളവരെ ബഹുമാനിക്കുകയെന്നതടക്കം കേരളത്തിന്റെ സാംസ്കാരിക തനിമ നഷ്ടപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ് . പയ്യന്നൂരിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. സ്വാതന്ത്യ സമരം, ഖാദി പ്രസ്ഥാനം, ഗാന്ധിജി, ജവഹർലാൽ നെഹ്രു, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാത്മാക്കളുടെ പാദസ്പർശമേറ്റ പുണ്യഭൂമി, സംസ്കൃത വിദ്വാൻമാരുടെയും പണ്ഡിതരുടെയും ഈറ്റില്ലം,പാചക പെരുമയുടെയും ദേഹണ്ഡക്കാരുടെയും പുകൾപെറ്റ നാട് തുടങ്ങി പയ്യന്നൂരിന് ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണുള്ളത്. നമ്മളായി അത് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തായിനേരി കൃഷ്ണസദനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനവും പുരസ്കാരദാനചടങ്ങും രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്തു .25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി പ്രസിഡന്റ് സദനം നാരായണൻ, ടി.പത്മനാഭന് സമ്മാനിച്ചു. രക്ഷാധികാരി പി.അപ്പുക്കുട്ടൻ മാസ്റ്റർ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. ഡോ: ഇ.ശ്രീധരൻ , സ്വാമി കൃഷ്ണാനന്ദ ഭാരതി, ശോഭ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ.പി. വിജയകൃഷ്ണൻ സ്വാഗതവും ഇ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.