തലശ്ശേരി: നിത്യ വൃത്തിക്ക് വഴിയടഞ്ഞ നിസ്സഹായതയിൽ നാട്ടിലെത്താൻ വഴികാണാതെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ച ഹരിയാനാ കുടുംബത്തെ ഗുഡ്സ് ഷെഡ് റോഡിലെ സുമനസുകാരായ ഏതാനും യുവാക്കൾ നാട്ടിലെത്തിച്ചു.

ജീവകാരുണ്യ പ്രവർത്തകരും കൂട്ടുകാരുമായ ഹനീഫ, അജ്മൽ മുഹമ്മദലി, ഷാഫി, അസ്ലം എന്നിവരാണ് ഭാഷ വശമില്ലാത്ത മറുനാട്ടിൽ തൊഴിൽ രഹിതനായി വലഞ്ഞ ഹരിയാന സ്വദേശി ജുൽഫിക്കറിനും ഭാര്യയ്ക്കും കൊച്ചു മക്കൾക്കും സ്‌നേഹത്തിന്റെ കൈതാങ്ങായത്. കഴിഞ്ഞ ദിവസം പള്ളിയിൽ നോമ്പുതുറ കഴിഞ്ഞ് തിരികെ പോവുന്നതിനിടയിലാണ് വഴിയിൽ വിശന്ന് വലഞ്ഞിരിക്കുന്ന നിരാശ്രയരായ കുടുംബം ഇവരുടെ ശ്രദ്ധയിൽപെട്ടത് ദൈന്യതയോടെയുള്ള കുട്ടികളുടെ നോട്ടം കണ്ടിട്ടും കാണാതെ പോകാൻ കൂട്ടുകാർക്കായില്ല. കൂട്ടത്തിൽ ഹിന്ദി അറിയാവുന്നവർ കാര്യം ചോദിച്ചു.

ഹരിയാനയിൽ നിന്നും ജോലിക്കായി വന്നതാണെന്നും അറിയാവുന്ന ജോലി കിട്ടാതായപ്പോൾ കുടുംബം പട്ടിണിയിലായെന്നും ജുൽഫിക്കർ പറഞ്ഞു. നോമ്പ് നാളിൽ തിരിച്ചു നാട്ടിലേക്ക് മടക്കയാത്രയ്ക്ക് വണ്ടിക്കൂലി പോലും കൈയിലില്ല. കേട്ട പാടെ ഇവർ കുടുംബത്തെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. നോമ്പുതുറയ്ക് സൗകര്യം ഒരുക്കി. യാത്രാ ചിലവിന് കാശ് സംഘടിപ്പിക്കാനായി അടുത്ത ശ്രമം. അതുവരെ കുടുംബത്തിന് സുരക്ഷിതമായ താമസസ്ഥലവും നൽകി. സ്വന്തം കൈയിൽ നിന്നുള്ളതും അടുത്തറിയാവുന്നവരിൽ നിന്നും ലഭിച്ചതും എല്ലാം ചേർത്ത് സ്വരൂപിച്ച പണം കൈമാറി അടുത്ത ദിവസം തീവണ്ടിയാത്രയും ഉറപ്പാക്കി. ഡൽഹി തോയിബ ജീവകാരുണ്യ പ്രവർത്തകനായ സ്‌നേഹിതനെ വിളിച്ച് ജുൽഫിക്കറിന്റെ കാര്യം പറഞ്ഞ് അവിടത്തെ സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്ന് അജ്മൽ പറഞ്ഞു.