കൂത്തുപറമ്പ്: മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴയിലെ മമ്പറത്ത് നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി. 93 ലക്ഷത്തോളം രൂപ ചെലവിലാണ് മമ്പറം ടൗണിനടുത്ത് ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നത്. ഹൗസ് ബോട്ടുകളും മറ്റ് ചെറു ബോട്ടുകളടക്കം ജെട്ടിയിൽ അടുപ്പിക്കാൻ കഴിയുംവിധമാണ് നിർമ്മാണം.
മമ്പറം പഴയ പാലത്തിന് സമീപത്തായി നിർമ്മാണം പൂർത്തിയായി വരുന്ന ടെർമിനലിന്റെ മേൽക്കൂരയിൽ ഓട് പാകുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. ഇതിനാവശ്യമായ പ്രത്യേക തരം ഓടുകൾ എത്തിച്ചിട്ടുണ്ട്. ടൈൽ പാകുന്ന പ്രവൃത്തിയും ഇതിനകം പൂർത്തിയായിട്ടുണ്ട്. ടെർമിനൽ പരിസരം സൗന്ദര്യവത്ക്കരിക്കുന്ന നടപടികളും സ്വീകരിച്ചുവരികയാണ്. ഉൾനാടൻ ജലഗതാഗതത്തിനും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പേകാനുമായാണ് പദ്ധതി നടപ്പാക്കുന്നത്.
മമ്പറത്തെ പഴയ പാലം പൊളിക്കൽ നീളുന്നു
പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചരക്കണ്ടി പുഴയിൽ ധർമ്മടം, പാറപ്രം, ചേരിക്കൽ എന്നിവിടങ്ങളിലും ബോട്ട് ടെർമിനൽ നിർമ്മിക്കുന്നുണ്ട്. അതേസമയം മമ്പറത്തെ പഴയ പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇത് ബോട്ട് ഗതാഗതത്തെ ബാധിച്ചേക്കും. ബോട്ട് ടെർമിനൽ നിർമ്മാണം പൂർത്തിയായി ജലഗതാഗതം ആരംഭിക്കുന്നതോടെ മമ്പറത്തിന്റെ മുഖച്ചായ തന്നെ മാറും.